| Sunday, 29th December 2024, 10:24 am

ആ സിനിമക്ക് ശേഷം എന്നോട്‌ കഥപറയാന്‍ വന്നയാള്‍ അവസാനം ചീത്ത വിളിച്ചാണ് പോയത്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൊയ്തീന്‍, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. 2015ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടിയിരുന്നു. പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, ടൊവിനോ തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊവിനോ എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നത് ഈ സിനിമയിലൂടെ ആയിരുന്നു.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ഒരു ദിവസം പതിമൂന്ന് കഥകള്‍ വരെ കേള്‍ക്കുമായിരുന്നെന്ന് ടൊവിനോ തോമസ് പറയുന്നു. രാവിലെ പല്ലുതേച്ച് ഇരുന്ന് കഴിഞ്ഞാല്‍ കുറെ നേരം കഥ കേള്‍ക്കുമെന്നും അവസാനം കഥ പറയേണ്ട ആള്‍ കാത്തിരുന്ന് മടുത്ത്  തന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

പ്ലസ് ടുവില്‍ പഠിക്കുന്ന കുട്ടി തന്നോട് കഥ പറയാന്‍ വന്നിട്ടുണ്ടെന്നും അവസാനം താന്‍ ചായയും പഫ്സും വാങ്ങി കൊടുത്താണ് പറഞ്ഞുവിട്ടതെന്നും അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ഞാന്‍ കുറെ കഥകള്‍ കേട്ടിട്ടുണ്ട്. ഒരു ദിവസം ഞാന്‍ പതിമൂന്ന് കഥകള്‍ വരെ കേട്ടിട്ടുണ്ട്. അതൊരു ആരോഗ്യപരമായ കാര്യമാണെന്ന് ഞാന്‍ പറയുന്നില്ല. രാവിലെ എഴുന്നേറ്റ് പല്ല് തേച്ച് കഥ കേള്‍ക്കാന്‍ ഇരുന്നിട്ട് മാക്‌സിമം പതിമൂന്ന് കഥ വരെ ഞാന്‍ കേട്ടിട്ടുണ്ട്.

ആ ദിവസം അവസാനം കഥ പറയാന്‍ ഉണ്ടായിരുന്ന ചേട്ടന്‍ കുറേ നേരം കാത്തിരുന്ന് അവസാനം എന്നെ ചീത്തയെല്ലാം വിളിച്ചിട്ട് പോയി. ‘ഞാന്‍ രാവിലെ മുതല്‍ ഇത് കേട്ടുകൊണ്ടിരിക്കുകയാണ് ചേട്ടാ, നിങ്ങള്‍ എന്നെ ചീത്ത പറഞ്ഞാല്‍ എങ്ങനെ ശരിയാകും. പറയാന്‍ വരുന്നവരോട് പകുതിക്ക് വെച്ച് പോകാന്‍ പറയാന്‍ പറ്റില്ലല്ലോ’ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

എന്റെ അടുത്ത് പ്ലസ് ടുവില്‍ പഠിക്കുന്ന ഒരു പയ്യന്‍ കഥപറയാന്‍ വന്നിട്ടുണ്ട്. പിന്നെ ഞാന്‍ അവന് വൈറ്റിലയിലെ കെ.ആര്‍ ബേക്കറിയില്‍ കൊണ്ടുപോയി പഫ്സും ചായയുമെല്ലാം വാങ്ങികൊടുത്തിട്ടുണ്ട്. അങ്ങനെയും ഞാന്‍ കഥ കേട്ടിട്ടുണ്ട്. ആരാ നമുക്കുള്ള ബിഗ് ബ്രേക്കുമായി വരുന്നതെന്ന് നമുക്ക് ഒരു പിടിയും ഇല്ലല്ലോ,’ ടോവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Says He Heard 13 Stories After Ennu Ninte Moideen

We use cookies to give you the best possible experience. Learn more