| Friday, 10th June 2022, 8:15 am

ക്ലിക്ക് ബൈറ്റുകള്‍ മോശം സംസ്‌കാരമാണെന്ന് എത്രയോ വര്‍ഷമായി പറയുന്നു, എന്തെങ്കിലും മാറ്റമുണ്ടായോ; വാശി പ്രസ് മീറ്റില്‍ ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് കയ്യടി മേടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയിലും ക്യാമറയുടെ മുമ്പിലും നിലപാട് പറയുമ്പോള്‍ വിവാദങ്ങളും കയ്യടികളും ഉണ്ടാവുക എന്നതിനപ്പുറം മാറ്റങ്ങള്‍ വരുന്നില്ലെന്നും ടൊവിനോ പറഞ്ഞു. വാശി സിനിമയുടെ പ്രസ് മീറ്റിലായിരുന്നു ടൊവിനോയുടെ പ്രതികരണം.

‘ഞാന്‍ എന്റെ നിലപാടുകള്‍ പറയേണ്ട സ്ഥലത്ത് കൃത്യമായി പറയുന്നുണ്ട്. എന്തു പറഞ്ഞാലും വലിയ മാറ്റമില്ലാത്ത സ്ഥലത്ത് നമ്മള്‍ വായിട്ടലക്കേണ്ട കാര്യമുണ്ടോ? ഞാന്‍ എത്രയോ സ്ഥലത്ത് പറഞ്ഞിട്ടുണ്ട് ക്ലിക്ക് ബൈറ്റുകള്‍ മോശം സംസ്‌കാരമാണെന്ന്. തെറ്റിദ്ധരിപ്പിക്കുന്ന ഹെഡ്‌ലൈനുകള്‍ ജേണലിസ്റ്റുകള്‍ കൊടുക്കുന്നത് തെറ്റാണെന്ന് ഞാന്‍ എത്രയോ വര്‍ഷമായി പറയുന്നു. എന്തെങ്കിലും മാറ്റമുണ്ടായോ. ക്ലിക്ക് ബൈറ്റുകള്‍ കൂടിയിട്ടല്ലേയുള്ളൂ, കുറഞ്ഞിട്ടില്ലല്ലോ.

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പറഞ്ഞു കയ്യടി മേടിക്കുക എന്നതിനപ്പുറം മാറ്റം വരും എന്നുറപ്പുള്ള മനുഷ്യരുടെ അടുത്ത് പറഞ്ഞ് മനസിലാക്കുക എന്നതല്ലാതെ, വെറുതെ ക്യാമറയുടെ മുമ്പില്‍ നിന്ന് പറയുമ്പോള്‍ കയ്യടി മാത്രമേ സംഭവിക്കുന്നുള്ളൂ. മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. ഞാന്‍ തീരുമാനിച്ചത് ഞാന്‍ ചെയ്യുന്ന സിനിമകളിലൂടെ കാര്യങ്ങള്‍ സംസാരിക്കുക എന്നതാണ്. എന്ന് പറഞ്ഞ് എന്റെ പൊളിറ്റിക്‌സ് മാത്രമായിരിക്കണമെന്നില്ല.

ഞാന്‍ കൃത്യമായ നിലപാട് ഉള്ളയാളാണ്. കൃത്യമായ രാഷ്ട്രീയവും രാഷ്ട്രീയ ബോധവുമുള്ള ആളാണ്. അതിനനുസരിച്ച് കൃത്യമായി ചെയ്യുന്നതാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയാറില്ല എന്നേയുള്ളു. വേണമെങ്കില്‍ ഞാന്‍ പറയാം, എനിക്കറിയാം, കയ്യടി ഒക്കെ കിട്ടും. പക്ഷേ പിന്നെ മനസിലാവും കയ്യടികള്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന്.

പക്ഷേ ശക്തമായ മീഡിയ കയ്യിലുണ്ട്. സോഷ്യല്‍ മീഡിയയെക്കാളും മീഡിയയെക്കാളും ഒരുപാട് കാലം നിലനില്‍ക്കുന്ന സിനിമകളുണ്ട്. അതിലൂടെ മോശം മെസേജുകള്‍ കൊടുക്കാതിരിക്കുക, കഴിയുന്നതും നല്ല മെസേജ് കൊടുക്കുക. എന്നാല്‍ നല്ല മെസേജ് കൊടുക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇതൊരു എന്റര്‍ടെയ്ന്‍മെന്റ് മീഡിയമാണ്. പക്ഷേ സ്വാധീനമുള്ളത് കൊണ്ട് പറയാന്‍ പറ്റുന്ന സിനിമകളില്‍ കൃത്യമായി കാര്യങ്ങള്‍ പറയാറുണ്ട്. ഇല്ലാന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റുമോ.

പിന്നെ എനിക്ക് നിലപാട് ഇല്ലെന്ന് പറയുന്നതെന്തിനാണ്. നിങ്ങളുടെ നിലപാട് ഞാന്‍ എവിടെയും കേട്ടിട്ടില്ലല്ലോ. അതുകൊണ്ട് നിങ്ങള്‍ക്ക് നിലപാടില്ല എന്നെനിക്ക് പറയാന്‍ പറ്റില്ലല്ലോ. എന്തെങ്കിലും പറയുമ്പോള്‍ വിവാദങ്ങളും കയ്യടികളും മാത്രമേ ഉണ്ടാകുന്നുള്ളൂ. ഞാന്‍ ഹാഷ്ടാഗ് പോസ്റ്റിട്ടത് കൊണ്ട് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ,’ ടൊവിനോ പറഞ്ഞു.

കീര്‍ത്തി സുരേഷും പ്രെസ് മീറ്റില്‍ ടൊവിനോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. വിഷ്ണു സംവിധാനം ചെയ്യുന്ന വാശി ജൂണ്‍ 17നാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Tovino Thomas says he does not need to buy applause by posting on social media

We use cookies to give you the best possible experience. Learn more