Entertainment news
മുഹ്‌സിന്‍ പരാരിയോട് ഞാന്‍ ചോദിച്ചു നീ ഇലുമിനാറ്റി ആണോയെന്ന്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 03, 08:16 am
Wednesday, 3rd August 2022, 1:46 pm

ടൊവിനൊ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപെട്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്.

മണവാളന്‍ വസീം, വ്‌ലോഗര്‍ ബീപാത്തു എന്നീ കഥാപാത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തല്ലുമാലക്ക് വേണ്ടിയുള്ള കഥയുടെ ആലോചന 2015 മുതല്‍ തന്നെ തുടങ്ങിയിരുന്നുവെന്ന് മുഹ്സിന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ടോവിനൊ മറുപടി പറഞ്ഞത്.

താന്‍ കഴിഞ്ഞ ദിവസവും മുഹ്സിന്‍ പരാരിയോട് അദ്ദേഹം ഇലുമിനാറ്റിയാണോ എന്ന് ചോദിച്ചെന്നും, ലോക്ക്ഡൗണില്‍ കുടതല്‍ പ്രചാരത്തില്‍ വന്ന സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആലോചിച്ച മുഹ്സിനെ അഭിനന്ദിക്കണം എന്നുമാണ് ടൊവിനൊ പറഞ്ഞത്.

‘ഞാന്‍ കഴിഞ്ഞ ദിവസം കൂടി മുഹ്സിന്‍ പരാരിയോട് താന്‍ ഇലുമിനാറ്റി ആണോ എന്ന് ചോദിച്ചതേയുള്ളൂ.
കൊറോണ ഒക്കെ വന്ന് കഴിഞ്ഞ ശേഷമാണ് യുട്യുബ് കൂടുതലും ആളുകള്‍ കാണാന്‍ തുടങ്ങിയത്. ഞാന്‍ പോലും അപ്പോഴാണ് കൂടുതല്‍ ഉപയോഗിച്ച് തുടങ്ങിയത്. അങ്ങനെ നോക്കുമ്പോള്‍ ഇത് വെച്ചുള്ള കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ചു എങ്കില്‍ അവന്‍ അത്രയും ഫ്യുചറിസ്റ്റിക്കായി ചിന്തിച്ചു എന്നാണര്‍ത്ഥം’, ടൊവിനോ പറഞ്ഞു.

തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയില്‍ കീര്‍ത്തി സുരേഷാണ് നായിക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത വാശിയാണ് ഒടുവില്‍ പുറത്തുവന്ന ടൊവിനൊ ചിത്രം. കീര്‍ത്തി സുരേഷായിരുന്നു നായിക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിച്ചത്.

Content Highlight : Tovino thomas says about Mushin Parari’s futuristic script idea of Thallumala movie