|

ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയിട്ടുള്ളത് ആ സൂപ്പര്‍ഹീറോയോടാണ്; ടൊവിനോ തോമസ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തില്‍ സൂപ്പര്‍ ഹീറോയായാണ് ടൊവിനോ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ തനിക്ക് ഏത് സൂപ്പര്‍ഹീറോയെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറയുകയാണ് ടൊവിനോ.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇഷ്ടം പറയുന്നത്. സൂപ്പര്‍മാനെയാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് ടൊവിനോ പറയുന്നു.

‘ഹെന്റി കാവില്‍ അല്ല ആര് ചെയ്താലും സൂപ്പര്‍മാന്‍ എന്നു പറയുന്നത് ഭയങ്കര കഥാപാത്രമാണ്. ഞാന്‍ ആദ്യം കാണുന്നതും അറിയുന്നതുമൊക്കെ സൂപ്പര്‍മാന്‍ എന്ന സൂപ്പര്‍ഹീറോയെയാണ്. പിന്നെ എല്ലാ സൂപ്പര്‍ഹീറോസിനോടും ഇഷ്ടമുണ്ട്. സൂപ്പര്‍മാന്‍ കഴിഞ്ഞാല്‍ പിന്നെ അയേണ്‍ മാനോടാണ് ഇഷ്ടം തോന്നിയിട്ടുള്ളത്,’ ടൊവിനോ പറയുന്നു.

മിന്നല്‍ മുരളിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍ഹീറോകളെക്കുറിച്ച് ടൊവിനോ സംസാരിച്ചത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചിരുന്നു. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസ് ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചത്.

കുമാരമംഗലം പഞ്ചായത്തിലായിരുന്നു ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. അനുസരിച്ച് പഞ്ചായത്ത് ഡി കാറ്റഗറിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.


Content Highlight: Tovino Thomas says about his favorite super hero