എന്ത് കാര്യവും ഡിസ്‌കസ് ചെയ്യാന്‍ പറ്റുന്ന സുഹൃത്ത്, പക്ഷേ ലൊക്കേഷനിലെത്തിയാല്‍ അയാള്‍ സ്ട്രിക്ട് സംവിധായകന്‍: ടൊവിനോ തോമസ്
Entertainment
എന്ത് കാര്യവും ഡിസ്‌കസ് ചെയ്യാന്‍ പറ്റുന്ന സുഹൃത്ത്, പക്ഷേ ലൊക്കേഷനിലെത്തിയാല്‍ അയാള്‍ സ്ട്രിക്ട് സംവിധായകന്‍: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th December 2024, 5:04 pm

പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ടൊവിനോ തോമസ്. എ.ബി.സി.ഡി, സെവന്‍ത് ഡേ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ ടൊവിനോ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.

ടൊവിനോയുടെ കരിറിലെ വലിയ ഇംപാക്ടുണ്ടാക്കിയ ചിത്രങ്ങളായിരുന്നു ഗോദയും മിന്നല്‍ മുരളിയും. ഗോദ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ടൊവിനോക്ക് സാധിച്ചു. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ബേസില്‍ ജോസഫായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

ബേസിലുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. പ്രിയംവദ കാതരയാണ് എന്ന ഷോര്‍ട് ഫിലിം താന്‍ പണ്ടേ കണ്ടിട്ടുണ്ടെന്നും അന്ന് തന്നെ ബേസില്‍ എന്ന പേര് ശ്രദ്ധിച്ചിരുന്നെന്നും ടൊവിനോ പറഞ്ഞു. പിന്നീട് കുഞ്ഞിരാമായണം താന്‍ തിയേറ്ററില്‍ നിന്ന് എന്‍ജോയ് ചെയ്ത് കണ്ടിരുന്നെന്നും 2016ലാണ് ബേസില്‍ തന്നോട് ഗോദയുടെ കഥ പറയാന്‍ വന്നതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. കഥ കേട്ടയുടനെ താന്‍ ഓക്കെ പറഞ്ഞെന്നും ഗോദ വലിയ ഹിറ്റായെന്നും ടൊവിനോ പറഞ്ഞു.

സിനിമയില്ലാത്ത സമയത്ത് താനും ബേസിലും പല കാര്യങ്ങളും ഡിസ്‌കസ് ചെയ്യാറുണ്ടെന്നും എന്നാല്‍ ലൊക്കേഷനിലെത്തുമ്പോള്‍ സ്ട്രിക്ട് ആയിട്ടുള്ള സംവിധായകനായി ബേസില്‍ മാറുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ച് നല്ല വിഷനുള്ളയാളാണ് ബേസിലെന്നും ടൊവിനോ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘ബേസിലിനെ ഗോദക്കും കുഞ്ഞിരാമായണത്തിനും മുന്നേ എനിക്ക് അറിയാം. അവന്റെ ഷോര്‍ട് ഫിലിം പ്രിയംവദ കാതരയാണ് ഞാന്‍ പണ്ട് കണ്ടിരുന്നു. ബേസില്‍ ജോസഫ് എന്ന പേര് അന്നേ ഞാന്‍ നോട്ട് ചെയ്തുവെച്ചിരുന്നു. പിന്നീട് കുഞ്ഞിരാമായണം ഇറങ്ങി. അത് ഞാന്‍ തിയേറ്ററില്‍ നിന്ന് എന്‍ജോയ് ചെയ്ത് കണ്ട സിനിമയായിരുന്നു. 2016ലാണ് അവന്‍ എന്നോട് ഗോദയുടെ കഥ പറയാന്‍ വന്നത്.

കേട്ടയുടനെ എനിക്ക് ആ കഥ ഇഷ്ടമായി. അങ്ങനെ ആ പടം എടുത്തു, വലിയ സക്‌സസായി. എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായ വിഷനുള്ള സംവിധായകനാണ് ബേസില്‍. സിനിമയൊന്നും ഇല്ലാത്ത സമയത്ത് ഞങ്ങള്‍ തമ്മില്‍ എല്ലാ കാര്യവും ഡിസ്‌കസ് ചെയ്യാറുണ്ട്. പക്ഷേ ലൊക്കേഷനിലെത്തിയാല്‍ അവന്‍ സ്ട്രിക്ട് സംവിധായകനാണ്. ആ കാര്യത്തില്‍ അവനെ സമ്മതിക്കണം,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas saying Basil is a strict director