| Thursday, 25th January 2024, 7:50 pm

വോട്ടിങ്ങിലൂടെ നിര്‍ണയിക്കപ്പെടുന്നത് 130 കോടി ജനങ്ങളുടെ ഭാവി; ജനാധിപത്യം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് എന്റെ വോട്ട്: ടൊവിനോ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിക്ക് മാത്രമായിരിക്കും താന്‍ വോട്ടുചെയ്യുകയെന്ന് നടന്‍ ടൊവിനോ തോമസ്. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃക്കാക്കര ഭാരത മാതാ കോളജില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ടൊവിനോ.

സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണ്‍ കൂടിയായ ടൊവിനോ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ടിങ്ങിനുള്ള പ്രാധാന്യം എത്രമാത്രമാണെന്ന് വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കി. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നും അതിലൂടെ ജനാധിപത്യം ശക്തിപ്പെടുകയും രാജ്യത്ത് തുല്യത സൃഷ്ടിക്കപ്പെടുമെന്നും ടൊവിനോ ചൂണ്ടിക്കാട്ടി.

രാജ്യത്തുള്ള 130 കോടി ജനങ്ങളുടെ ഭാവിയാണ് വോട്ടിങ്ങിലൂടെ നിര്‍ണയിക്കപ്പെടുന്നതെന്ന് ടൊവിനോ പറഞ്ഞു. അതിനാല്‍ തന്റെ വോട്ട് നമ്മളെ നയിക്കാന്‍ കഴിയുന്ന വ്യക്തിക്കായിരിക്കുമെന്നും ടൊവിനോ ഊന്നിപ്പറഞ്ഞു. വോട്ട് ചെയ്യാതിരിക്കുന്നത് നമ്മളെക്കാള്‍ അധികം ബാധിക്കുന്നത് മറ്റുള്ളവരെയാണെന്ന് ടോവിനോ മുന്നറിയിപ്പ് നല്‍കി. വരും തലമുറ സുരക്ഷിതമായിരിക്കണമെങ്കില്‍ എല്ലാ പൗരന്മാരും വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അധികൃതരോട് താരം ആവശ്യപ്പെട്ടു.

വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് ദേശീയ സമ്മതിദാന ദിനം ആഘോഷിക്കുന്നതെന്ന് ചടങ്ങിന്റെ അധ്യക്ഷനായ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വോട്ടിങ് ശതമാനം കൂടുതലാണെന്നും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടനെ പേര് ലിസ്റ്റില്‍ ചേര്‍ക്കണമെന്നും കൃത്യമായി വോട്ടുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Tovino Thomas said that his vote is for those who protect democracy

We use cookies to give you the best possible experience. Learn more