2018 തിയേറ്ററുകളില്‍ തരംഗം തീര്‍ക്കുമ്പോള്‍ ഏറ്റവുമധികം പ്രശംസ ലഭിക്കുന്ന ഒരു താരം ടൊവിനോ തോമസാണ്. താരം ചെയ്ത അനൂപ് എന്ന കഥാപാത്രത്തെ അത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. താരത്തിനെ പ്രേക്ഷകര്‍ പ്രശംസ കൊണ്ട് മൂടുമ്പോള്‍ ഇത് കാലത്തിന്റെ കാവ്യനീതി ആണെന്ന് കൂടി പറയുകയാണ് പ്രേക്ഷകര്‍.
2018ലെ പ്രളയത്തില്‍ സഹായിക്കാന്‍ ഓടിയെത്തിയവരില്‍ മുന്‍പന്തിയില്‍ ടൊവിനോ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് കുറ്റപ്പെടുത്തലുകളും ഉണ്ടായിരുന്നു. ഇതിനോട് ടൊവിനോ അന്ന് പ്രതികരിച്ച വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
സഹായത്തിനിറങ്ങിയത് മനുഷ്യത്വത്തിന്റെ പേരിലാണെന്നും ഇതിന്റെ പേരില്‍ സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നുമാണ് ടൊവിനോ പറയുന്നത്. ഇതെല്ലാം ചെയ്തുകഴിഞ്ഞ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ടൊവിനോ പറഞ്ഞത്.
‘വെള്ളപ്പൊക്കത്തില്‍ പെട്ടവര്‍ സിനിമ കാണാനായി തിയേറ്ററിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍. ഞങ്ങള്‍ക്കൊക്കെ ഒറ്റ മതമേയുള്ളൂ, ഒറ്റ പാര്‍ട്ടിയേയുള്ളൂ, അത് മനുഷ്യത്വമാണ്. അതുകൊണ്ട് ചെയ്യുന്നതാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ല.
ഞങ്ങള്‍ ഈ ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. ഇതെല്ലാം ചെയ്തുകഴിഞ്ഞ് അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്ക് ഒന്നും വേണ്ട. നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങള്‍ ഇത് ചെയ്‌തോളാം,’ എന്നായിരുന്നു ടൊവിനോ പറഞ്ഞത്.
2018 സിനിമയുടെ റിലീസിന് പിന്നാലെ പ്രളയ സമയത്ത് ദുരിതമനുഭവിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ടൊവിനോയുടെ പോസ്റ്റും വീണ്ടും വൈറലായിരുന്നു.
‘ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ,’ എന്നാണ് ടൊവിനോ കുറിച്ചത്. 2018 ഓഗസ്റ്റ് 16 ലെ പോസ്റ്റ് ആണിത്.
Content Highlight: tovino thomas’s video became viral again