| Saturday, 21st January 2023, 1:26 pm

സൂപ്പര്‍ഹീറോ കഴിഞ്ഞു, ഇനി ഈശോ; ഞെട്ടിച്ച് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികര്‍ തിലകത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍ തിലകം.

ഈശോയെ ഓര്‍മിപ്പിക്കും വിധമാണ് ഈ പോസ്റ്റര്‍. വെള്ളത്തിനടിയില്‍, കുരിശില്‍ തൂങ്ങിനില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്. ഞെട്ടിക്കുന്ന പോസ്റ്റര്‍ എന്നാണ് ടൊവിനോയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

2022 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ നടികര്‍ തിലകം റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററിലെ സൂചനകള്‍.

ടൊവിനോക്കൊപ്പം സൗബിന്‍ ഷാഹിറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്റ്റാര്‍ എന്ന സിനിമക്ക് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് നടികര്‍ തിലകം. ആല്‍ബിയാണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതസംവിധാനം യക്‌സന്‍- നേഹയാണ്.

നടന്റെ ജന്മദിനമായ ഇന്ന് മറ്റ് പുതിയ ചിത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. നീലവെളിച്ചം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളുടെ ക്യാരക്ടര്‍ പോസ്റ്ററുകളെ ആരാധകര്‍ ആവേശപൂര്‍വമാണ് സ്വീകരിച്ചത്.

ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന അജയന്റെ രണ്ടാം മോഷണത്തിലെ
മണിയന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തരായ മൂന്ന് പേരെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രം പൂര്‍ണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്. ആക്ഷനും അഡ്വഞ്ചറിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് ഒരോ കഥാപത്രങ്ങളെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നീലവെളിച്ചത്തിലെ ക്യാരക്ടര്‍ വീഡിയോയായിരുന്നു സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘നാളെ ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട ബഷീറിനും ടൊവിനോ തോമസിനും ജന്മദിനാശംസകള്‍,’ വീഡിയോക്കൊപ്പം ആഷിഖ് കുറിച്ചു. മലയാള സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തന്നെയാണ് ടൊവിനോയുടെയും ജന്മദിനം.

മുഖം കാണിക്കാതെയായിരുന്നു ഈ വീഡിയോയെങ്കില്‍ ശനിയാഴ്ച രാവിലെ ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നീലവെളിച്ചം ടീം പങ്കുവെച്ചിരുന്നു.

1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം.

Content Highlight: Tovino Thomas’s new movie Nadikar Thilakam’s stunning poster released

We use cookies to give you the best possible experience. Learn more