| Wednesday, 26th March 2025, 9:15 pm

തിരിഞ്ഞുനില്‍ക്കുന്ന റെഡ് ഡ്രാഗണ്‍ ആര്? ചര്‍ച്ചകള്‍ക്കിടയില്‍ 'മരണമാസ്സായി' സര്‍പ്രൈസ് പൊട്ടിച്ച് ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലും പുറത്തും എമ്പുരാന്റെ തരംഗം മാത്രമാണ് കാണാന്‍ സാധിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസായി ഒരുങ്ങുന്ന എമ്പുരാനെ വരവേല്ക്കാന്‍ കേരളക്കര മുഴുവന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്‍ഡസ്ട്രിയുടെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്‍ കളക്ഷന്‍ റെക്കോഡെല്ലാം തകര്‍ത്തെറിയുമെന്ന് ഏറെക്കുറായി ഉറപ്പായിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതുമുതല്‍ പലതരത്തിലുള്ള ഫാന്‍ തിയറികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിനിടയില്‍ കൂടുതല്‍ ആകാംക്ഷ നിറച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്. എമ്പുരാന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ റെഡ് ഡ്രാഗണിന്റെ ഷര്‍ട്ട് ധരിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്ന കഥാപാത്രം ആരായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നാല് മിനിറ്റിനടുത്ത് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിലും റെഡ് ഡ്രാഗണ്‍ ചിഹ്നമുള്ള ഡ്രസ് ധരിച്ചയാളെ മിന്നായം പോലെ കാണിക്കുന്നുണ്ട്. വലിയ ഏതെങ്കിലും താരമാകും ആ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസില്‍, ആമിര്‍ ഖാന്‍ തുടങ്ങി ഹോളിവുഡ് താരം റിക്ക് യൂനെയുടെ പേര് വരെ ചര്‍ച്ചയിലുണ്ട്.

ഇപ്പോഴിതാ റിലീസിന് ഒരുദിവസം ബാക്കി നില്‍ക്കെ ട്വിസ്റ്റ് പുറത്തുവിടുന്നുവെന്ന തരത്തില്‍ ടൊവിനോ തോമസ് പങ്കുവെച്ച പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ടൊവിനോ നിര്‍മാതാവിന്റെ വേഷത്തിലെത്തുന്ന മരണമാസ് എന്ന ചിത്രത്തിലെ ബേസില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന പോസ്റ്ററാണ് ടൊവിനോ ഷെയര്‍ ചെയ്തത്. എമ്പുരാന്‍ ടീമിന് ആശംസ നേര്‍ന്നുകൊണ്ടാണ് ടൊവിനോ പോസ്റ്റര്‍ പങ്കുവെച്ചത്.

പോസ്റ്റിന് താഴെ രസകരമായ ഒരുപാട് കമന്റുകളും വരുന്നുണ്ട്. ‘എമ്പുരാന്റെ ക്ലൈമാക്‌സില്‍ ബേസില്‍ ഹെലികോപ്റ്ററില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുന്നു’, ‘ഇന്ന് പിന്നാമ്പുറം കാണിച്ചു, നാളെ ഉമ്മറം കാണിച്ചാലോ’ എന്നുതുടങ്ങി ഒരുപാട് കമന്റുകള്‍ പലരും പങ്കുവെക്കുന്നുണ്ട്. ടൊവിനോ- ബേസില്‍ കോമ്പോയിലെത്തുന്ന മരണമാസ്സിന്റെ സ്‌നീക്ക് പീക്കിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സിജു സണ്ണിയുടേതാണ്. വിഷു റിലീസായാണ് മരണമാസ് തിയേറ്ററുകളിലെത്തുക.

അതേസമയം അണിയറപ്രവര്‍ത്തകര്‍ ഒളിപ്പിച്ചുവെച്ച രഹസ്യകഥാപാത്രം ആമിര്‍ ഖാനായിരിക്കുമെന്ന സൂചന താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞദിവസം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ‘വലിയൊരു സന്തോഷ വാര്‍ത്ത കാത്തിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് കൗണ്ട് ഡൗണ്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇന്ന് ആ സ്റ്റോറി ഡിലീറ്റ് ആക്കുകയും ചെയ്തതോടെ ആരാധകര്‍ വീണ്ടും നിരാശരായി.

Content Highlight: Tovino Thomas’s new Facebook post going viral

We use cookies to give you the best possible experience. Learn more