| Sunday, 11th August 2024, 9:55 pm

ഈ ഓണത്തിന് ഇനി ട്രിപ്പിള്‍ സന്തോഷം; റിലീസിനൊരുങ്ങി ടൊവിനോ ചിത്രവും; പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് എ.ആര്‍.എം. അഥവാ ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എ.ആര്‍.എം. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ക്കേ തന്നെ ഈ സിനിമയുടെ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ തോമസ്.

ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ ഇത് പുറത്തുവിട്ടത്. ആദ്യമായി ടൊവിനോ മൂന്ന് വേഷങ്ങളില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സുജിത് നമ്പ്യാരാണ്.

പൂര്‍ണമായും ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകള്‍ ഉണ്ട്. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴില്‍ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്.

Content Highlight: Tovino Thomas’s Movie Ajayante Randam Moshanam Release In Onam

We use cookies to give you the best possible experience. Learn more