Advertisement
Film News
പൊലീസ് വേഷത്തില്‍ ടൊവിനോ; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 05, 12:23 pm
Friday, 5th January 2024, 5:53 pm

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് റിലീസിനൊരുങ്ങുന്നത്. ഇന്ന് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.


ആക്ഷന്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ടൊവിനോക്ക് പുറമെ സിദ്ദീഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരും ഒന്നിക്കുന്നു. ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നു.

തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജിനു വി. എബ്രാഹമിന്റേതാണ് തിരക്കഥയും സംഭാഷണവും.

ടൊവിനോ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പൊലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഈ ചിത്രം വേറിട്ടൊരു ദൃശ്യാവിഷ്‌ക്കാരമായിരിക്കും നല്‍കുക. വലിയ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്.

പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കര്‍, ചിത്രസംയോജനം: സൈജു ശ്രീധര്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ., പി.ആര്‍.ഒ: ശബരി.

Content Highlight: Tovino Thomas’s Anweshippin Kandethum New Poster Out