2022 വരെ കൈനിറയെ സിനിമകള്‍ ഉണ്ടെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടന്‍ ടൊവിനോ തോമസ്. കുറച്ചു സിനിമകള്‍ പറഞ്ഞു വെക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ടൊവിനോ പറഞ്ഞു.
‘എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകളെല്ലാം വരുന്നതെന്ന് അറിയില്ല. കഥകള്‍ കേട്ടുതന്നെയാണ് സിനിമകളുടെ ഭാഗമാകുന്നത്. ഇപ്പോഴും കേള്‍ക്കുന്നുണ്ട്. എനിക്കു പറ്റിയ കഥയാണെങ്കില്‍ അതെന്നില്‍ വന്നുചേരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. വ്യത്യസ്തമാര്‍ന്ന വേഷങ്ങളാണ് പ്രതീക്ഷിക്കുന്നത്. അഭിനയിച്ച വേഷങ്ങളെല്ലാം സംതൃപ്തി നല്‍കുന്നതാണ്.’ ടൊവിനോ പറഞ്ഞു.
നവാഗതനായ പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത കല്‍ക്കിയാണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കലിപ്പന്‍ പൊലീസായിട്ടാണ് കല്‍ക്കിയില്‍ ടൊവിനോ എത്തുന്നത്.
ആക്ഷന്‍ ചിത്രമായ കല്‍ക്കിയുടെ സ്റ്റണ്ട് നിര്‍വഹിച്ചിരിക്കുന്നത് അന്‍പറിവ്, ദിലീപ് സുബ്ബരായന്‍, സുപ്രിം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന മൂന്ന് ഫൈറ്റ് സീനുകളാണ് ചിത്രത്തിലുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു.
സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കല്‍ക്കി നിര്‍മ്മിച്ചിരിക്കുന്നത്. നായികയാകുന്നത് സംയുക്ത മേനോനാണ്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം, ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്.
നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’, പട്ടാളക്കാരന്റെ ജീവിതം പറയുന്ന ‘എടക്കാട് ബറ്റാലിയന്‍’, ബേസില്‍ ജോസഫിന്റെ ‘മിന്നല്‍ മുരളി’, സുജിത്ത് വാസുദേവിന്റെ ഫോറന്‍സിക്ക്’, ഡിജോ ജോസ് ആന്റണിയുടെ ‘പള്ളിച്ചട്ടമ്പി’ എന്നിവയാണ് ടൊവിനോ തോമസിന്റെ പുത്തന്‍ ചിത്രങ്ങള്‍.