| Tuesday, 23rd April 2019, 4:01 pm

ഇങ്ങനെ മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധാരണ പരത്തരുത്; തെളിവായി വീഡിയോ ഉയര്‍ത്തിക്കാട്ടി സെബാസ്റ്റ്യന്‍ പൊളിന് ടൊവിനോയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ പാര്‍ലമെന്റ് അംഗവും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്. താന്‍ കന്നിവോട്ടാണ് ചെയ്തതെന്ന തരത്തില്‍ സെബാസ്റ്റിയന്‍ പോള്‍ തനിക്കെതിരെ നടത്തിയ പ്രചരണം വസ്തുതാവിരുദ്ധമാണെന്നാണ് ടൊവിനോ പറയുന്നത്.

താന്‍ മുമ്പ് വോട്ട് ചെയ്തിരുന്നുവെന്നതിന് തെളിവായി ഗപ്പിയെന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ തന്റെ കയ്യില്‍ മഷി പുരണ്ടത് കാണുന്നതിന്റെ വീഡിയോയും ടൊവിനോ നല്‍കിയിട്ടുണ്ട്.

‘അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല .’ എന്നുപറഞ്ഞാണ് ടൊവിനോ തുടങ്ങുന്നത്.

‘Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്.’ അദ്ദേഹം വിശദീകരിക്കുന്നു.

ഗപ്പിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാഗര്‍കോവിലില്‍ നിന്നും ഇരിങ്ങാലക്കുട വന്നാണ് താന്‍ വോട്ടു ചെയ്തിട്ട് പോയതെന്നും ടൊവിനോ വിശദീകരിക്കുന്നു.

സെബാസ്റ്റിയന്‍ പോളിന്,

അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്.

പിന്നെ എനിക്ക് പ്രായപൂര്‍ത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാന്‍ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയില്‍ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കില്‍ സാറിനു അന്വേഷിക്കാന്‍ വഴികള്‍ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.

ഗപ്പി എന്ന സിനിമയുടെ ഷൂട്ടിനിടക്ക് നാഗര്‍കോവില്‍ നിന്ന് ഇരിങ്ങാലക്കുട വന്നാണ് വോട്ട് ചെയ്തിട്ട് പോയത്. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിന്റെ തുടര്‍ച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകന്റെ പരിഹാസവും അന്ന് നേരിട്ടത് ഞാന്‍ ഓര്‍ക്കുന്നു. സിനിമ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങള്‍ ആണ്. നമ്മള്‍ ചെയ്തു വെച്ചിട്ടുള്ള നല്ല കാര്യങ്ങള്‍ ആണേലും മോശം കാര്യങ്ങള്‍ ആണേലും റിയല്‍ ലൈഫിലും പ്രതിഫലിക്കപ്പെടും. അങ്ങനെ പെട്ട് പോയതാണ് ഗപ്പിയില്‍.

എന്റെ പ്രായം 30 വയസ്സ് ആണ് സര്‍, എന്റെ 30 വയസ്സിനിടക്ക് വന്ന നിയമസഭ ഇലക്ഷന്‍, ലോക്സഭ ഇലക്ഷന്‍, മുന്‍സിപാലിറ്റി ഇലക്ഷന്‍ തുടങ്ങിയവയില്‍ എല്ലാം ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇനി ജീവിതകാലം മുഴുവന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം ഞാന്‍ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.

ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടെന്നും മോഹന്‍ലാലിനും ടോവിനോ തോമസിനും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായതെന്നും പറഞ്ഞായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ ടൊവിനോയെ പരിഹസിച്ചത്.

We use cookies to give you the best possible experience. Learn more