ക്യാമറക്ക് മുന്നില്‍ ചെയ്യുന്നതൊന്നും ഞാന്‍ സ്‌റ്റേജില്‍ കാണിക്കില്ല; അവതാരകരുടെ ആവശ്യം നിരസിച്ചു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ടൊവിനോ
Entertainment
ക്യാമറക്ക് മുന്നില്‍ ചെയ്യുന്നതൊന്നും ഞാന്‍ സ്‌റ്റേജില്‍ കാണിക്കില്ല; അവതാരകരുടെ ആവശ്യം നിരസിച്ചു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th October 2022, 9:23 am

സൈമ അവാര്‍ഡ് ദാന പരിപാടിയില്‍ സ്റ്റേജില്‍ ഡാന്‍സ് കളിക്കണമെന്ന അവതാരകരുടെ ആവശ്യം നിരസിച്ച ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ഐശ്വര്യ ലക്ഷ്മിക്ക് അവാര്‍ഡ് നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം.

കാണെക്കാണെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാള സിനിമയിലെ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് ഐശ്വര്യക്ക് ലഭിച്ചത്. ഗായകന്‍ വിജയ് യേശുദാസാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നടി ഷാന്‍വി ശ്രീവാസ്തവയാണ് ഐശ്വര്യക്ക് അവാര്‍ഡ് സമ്മാനിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ ഐശ്വര്യ നന്ദി പറഞ്ഞതിന് ശേഷമാണ് ടൊവിനോയെ അവതാരകരായ പേളി മാണിയും ആദിലും ചേര്‍ന്ന് സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്.

ഇപ്പോള്‍ വളരെ സ്‌പെഷ്യലായ ഒരു വ്യക്തിയെ സ്റ്റേജിലേക്ക് ക്ഷണിക്കുകയാണ്. ഈ യാത്രയിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അദ്ദേഹം ഐശ്വര്യയോടൊപ്പമുണ്ടായിരുന്നു എന്ന് പറഞ്ഞാണ് ടൊവിനോയെ സ്‌റ്റേജിലേക്ക് സ്വാഗതം ചെയ്തത്.

ഐശ്വര്യയുടെ വളര്‍ച്ചയില്‍ എന്താണ് തോന്നുന്നതെന്നായിരുന്നു ടൊവിനോയോടുള്ള ആദ്യ ചോദ്യം. ആശംസകള്‍, ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച സിനിമയിലാണ് അവാര്‍ഡ് കിട്ടിയതെന്നത് ഇരട്ടിമധുരം. ഇനിയും ഒരുപാട് അവാര്‍ഡുകള്‍ കിട്ടട്ടെ, തെന്നിന്ത്യന്‍ താര സുന്ദരിയായി വളരട്ടെ എന്നാണ് ടൊവിനോ പറഞ്ഞത്.

ഇതിന് ശേഷമാണ് ഡാന്‍സ് കളിക്കണമെന്ന ആവശ്യം അവതാരകര്‍ മുന്നോട്ട് വെച്ചത്. ഇത് ഭയങ്കര മൊമെന്റ് ആണ്. ഫ്രണ്ട്‌സിന്റെ സന്തോഷത്തില്‍ നമ്മളും പങ്കുചേരണമല്ലോ. നമുക്ക് ഏറ്റവും ഈസിയായി ചെയ്യാന്‍ പറ്റുന്ന കാര്യമാണ് പാട്ട് പാടുന്നത്. മണവാളന്‍ വസീമായി ടൊവി പാട്ട് പാടി ഡാന്‍സ് കളിച്ചതാണ്. ആ ഡാന്‍സ് സ്റ്റെപ്പുകള്‍ ഐശ്വര്യക്ക് ഒന്ന് പഠിപ്പിച്ച് കൊടുക്കുക എന്ന് ആദില്‍ പറഞ്ഞു.

എന്നാല്‍ ക്യാമറക്ക് മുന്നില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുറത്തിറങ്ങി ചെയ്യാന്‍ പറ്റാത്ത ആളാണ് താനെന്നായിരുന്നു ടൊവിനോയുടെ മറുപടി. ഭയങ്കര ഇന്‍ഹിബിഷന്‍സ് ഉള്ള ആളാണ് ഞാന്‍. സ്റ്റേജില്‍ ഡാന്‍സ് ചെയ്യാനോ പാട്ട് പാടാനോ എനിക്ക് അറിയില്ല. രണ്ടാളും റൂമിലേക്ക് വാ, അവിടെ നിന്നും പാടികേള്‍പ്പിക്കാമെന്ന് ടൊവിനോ പറഞ്ഞു. ഇതോടെ ഈ ഉദ്യമം ഉപേക്ഷിച്ച ആദിലും പേളിയും ടൊവിനോക്കും ഐശ്വര്യക്കും നന്ദി പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

ടൊവിനോയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഡാന്‍സ് ചെയ്യാനും പാട്ട് പാടാനുമുള്ള ആവശ്യം നിരസിച്ച ടൊവിനോയുടെ തീരുമാനത്തെ പലരും അഭിനന്ദിക്കുന്നുണ്ട്.

ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതില്‍ ടൊവിനോയ്ക്ക് എന്താണ് കാര്യമെന്നും ചോദിക്കുന്നവരുണ്ട്. സ്വന്തം പരിശ്രമം കൊണ്ടും കഴിവ് കൊണ്ടും ഉയര്‍ന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോയ്ക്കാണ് അവാര്‍ഡ് ലഭിച്ചതെങ്കില്‍ കരിയറിലെ പ്രധാനപ്പെട്ട ആളെന്ന് പറഞ്ഞ് ഐശ്വര്യയെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുമോയെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

അവാര്‍ഡ് ദാന ചടങ്ങുകളില്‍ നടീനടന്മാരെ സ്‌റ്റേജിലേക്ക് വിളിച്ച് വരുത്തി ഡാന്‍സും പാട്ടും ചെയ്യിപ്പിക്കുന്ന അവതാരകരുടെ സമീപനത്തിനെതിരെയും അതിന് അവരെ പ്രേരിപ്പിക്കുന്ന സംഘാടകര്‍ക്കെതിരെയും വിമര്‍ശനമുയരുകയാണ്.

Content Highlight: Tovino Thomas refused the request of the anchors to dance on stage and is being discussed on social media