| Sunday, 12th June 2022, 4:03 pm

ഈ ഫാന്‍സിന്റെ കാര്യമെന്ന് വിചാരിച്ച് ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ മുഖത്തെ തുണി മാറ്റി... ആ തെന്നിന്ത്യന്‍ താരസുന്ദരി; കീര്‍ത്തിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് വാശി. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഭാഷകരായാണ് ഇരുവരും അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ തിരക്കേറിയ താരമായ കീര്‍ത്തി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം ചെയ്യുന്ന മലയാള സിനിമയാണ് വാശി.

കീര്‍ത്തിയെ ആദ്യമായി കണ്ടുമുട്ടിയ സംഭവം വിവരിക്കുകയാണ് ടൊവിനോ തോമസ്. ആദ്യം കണ്ടപ്പോള്‍ അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നിയെന്നും പിന്നീട് ഇങ്ങോട്ട് വന്ന് വിളിക്കുന്ന സംഭവമുണ്ടായപ്പോള്‍ അത് മാറിയെന്നും ടൊവിനോ ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘സൈമ അവാഡ്‌സില്‍ വെച്ച് കീര്‍ത്തിയെ കണ്ടിരുന്നു. അന്ന് കീര്‍ത്തിയുടെ അച്ഛനെ എനിക്ക് നല്ല പരിചയമുണ്ട്. പിന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടു. അന്ന് ഞങ്ങള്‍ സംസാരിച്ചിട്ട് പോലുമില്ല. കേരള ടൂറിസത്തിന്റെ ഭാഗമായി 2019ല്‍ തിരുവനന്തപുരത്ത് വെച്ച് വലിയൊരു പരിപാടിയുണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങിയിട്ട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ബസില്‍ കയറി.

കയറിയപ്പോള്‍ പുറകീന്ന് ഒരാള്‍ കൈ പൊക്കി കാണിക്കുന്നുണ്ട്. ഈ ഫാന്‍സിനെകൊണ്ട് തോറ്റല്ലോ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ മെലിഞ്ഞൊരു പെണ്‍കുട്ടി. ഷാളൊക്കെ തലയിലിട്ടിട്ടുണ്ട്. മുഖം മുഴുവന്‍ മറച്ചിട്ട് ഈ കുട്ടി എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന് വിചാരിച്ച്… ഒകെ ഫോട്ടോ എടുത്തോട്ടേന്ന് കരുതി അടുത്ത് ചെന്നു. അപ്പോള്‍ മുഖത്തെ തുണി മാറ്റി ഞാനാണ് എന്ന് പറഞ്ഞു. ആ… തെന്നിന്ത്യന്‍ താരസുന്ദരി.

ആദ്യം കണ്ടപ്പോള്‍ അധികം സംസാരിക്കാത്ത കുട്ടിയായിരിക്കുമെന്നാണ് വിചാരിച്ചത്. പിന്നെ ഇങ്ങോട്ട് വിളിച്ച് സംസാരിച്ചപ്പോള്‍ അതൊക്കെ മാറി. ബസില്‍ കണ്ടത് മുതല്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു പരിപാടിക്ക് ഉണ്ടായിരുന്നത്. പിന്നെ എളുപ്പത്തില്‍ സംസാരിക്കാന്‍ പറ്റുന്ന ആളാണെന്ന് മനസിലായി,’ ടൊവിനോ പറഞ്ഞു.

ജൂണ്‍ 17നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്.

ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. വിഷ്ണു ജി. രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. നിതിന്‍ മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

Content Highlight: Tovino Thomas recounts his first meet with Keerthi suresh 

We use cookies to give you the best possible experience. Learn more