സിനിമാ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം; മൊഴി നല്‍കാന്‍ തയ്യാറെന്ന് ടോവിനോ
Kerala News
സിനിമാ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം; മൊഴി നല്‍കാന്‍ തയ്യാറെന്ന് ടോവിനോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2024, 10:13 pm

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തെ നിയോഗിച്ചതില്‍ പ്രതികരിച്ച് നടന്‍ ടോവിനോ. അന്വേഷണ സംഘം വിളിച്ചാല്‍ മൊഴി നല്‍കാന്‍ തയ്യാറെന്ന് ടോവിനോ പറഞ്ഞു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

ആരോപണ വിധേയര്‍ രാജിവെക്കുന്നത് നിക്ഷ്പക്ഷ അന്വേഷണത്തിന് ആവശ്യമെന്നും ടോവിനോ പ്രതികരിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സിനിമാ മേഖലയില്‍ നിന്ന് ഉയരുന്ന ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അന്വേഷണത്തിനായി പ്രത്യേകഏഴംഗഐ.പി.എസ് സംഘത്തെയാണ്സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിക്കുക. ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവരില്‍ നാല് പേര്‍ വനിതാ ഉദ്യോഗസ്ഥരാണ്.

എസ്. അജിത ബീഗം, ജി. പൂങ്കുഴലി, ഐശ്വര്യ ഡോക്റെ, മെറിന്‍ ജോസഫ് എന്നിവരാണ് പ്രത്യേക സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥര്‍. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വി. അജിത്ത്, എസ്. മധുസൂദനന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

പരാതി ഉന്നയിച്ചവരുടെ മൊഴി ലഭിച്ചാല്‍ കേസെടുത്ത് അന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കും. നേരത്തെ പരാതി ലഭിക്കാത്തപക്ഷം കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

ആദ്യ ഘട്ടത്തില്‍ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പരാതി ഉയര്‍ത്തിയ വ്യക്തികളെ, അന്വേഷണസംഘം നേരിട്ട് ബന്ധപ്പെടുകയും പരാതിയുമായി പൊലീസിനെ സമീപിക്കാനും മൊഴി നല്‍കാന്‍ താത്പര്യമുണ്ടോയെന്നും ചോദിച്ച് മനസിലാക്കുകയാണ് ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

Content Highlight: Tovino Thomas reacts to the government appointing a special investigation team to probe the allegations of violence in the film industry