എന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധം: ടൊവിനോ തോമസ്
Entertainment
എന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധം: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th March 2024, 10:45 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിയതി പുറത്തുവന്നതിന് പിന്നാലെ തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന അറിയിപ്പുമായി നടന്‍ ടൊവിനോ തോമസ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍’ (SVEEP) പരിപാടിയുടെ അംബാസഡര്‍ ആയതിനാലാണ് ഇതെന്നും താരം വിശദമാക്കി.

ആരെങ്കിലും അങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും, നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ആശംസിക്കുന്നു എന്നും താരം തന്റെ പോസ്റ്റില്‍ കുറിച്ചു. തൃശ്ശൂരിലെ എല്‍.ഡി.എഫ് സഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാറും ടൊവിനോയും ഒന്നിച്ചുള്ള ഫോട്ടോകള്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതിന് പിന്നാലെയാണ് താരം പോസ്റ്റിട്ടത്. പോസ്റ്റിന് പിന്നാലെ സുനില്‍കുമാര്‍ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം.

‘എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ‘സിസ്റ്റമാറ്റിക്  വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍’ (SVEEP) അംബാസ്സഡര്‍ ആയതിനാല്‍ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് .

ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല .ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’ ടൊവിനോ പോസ്റ്റില്‍ പറഞ്ഞു. ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്.

Content Highlight: Tovino Thomas posted on Facebook that do not use his photo for election