തല്ലുമാലയാണ് ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എം ഫോര്‍ ടെക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാമുപയോഗിച്ച് സിനിമളുടെ വ്യാജ പതിപ്പുകള്‍ കാണുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ തോമസ്.
താന്‍ ചില സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ ടെലഗ്രാമില്‍ നിന്ന് സിനിമകള്‍ എടുക്കുന്നത് നിയമപ്രകാരം തെറ്റായ കാര്യമാണ് അറിയാത്ത ആളുകള്‍ വരെയുണ്ടയെന്നും, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം ചേര്‍ത്താണ് പലരും ടെലഗ്രാമിനെ കാണുന്നതെന്നും ടൊവിനോ പറയുന്നു.
‘ നെറ്റ്ഫ്‌ലിക്സ്, ആമസോണ്‍, ടെലഗ്രാം എന്ന പോലെയാണ് പലരും പറയുന്നത്. മറ്റൊരു ഓ.ടി.ടി പ്ലാറ്റഫോമായിട്ടല്ല ടെലഗ്രാമിനെ കാണേണ്ടത്. ഓ.ടി.ടി പ്ലാറ്റഫോമുകള്‍ പൈസ ഇടാക്കിയും, നിര്‍മാതകള്‍ക്ക് പൈസ കൊടുത്തുമാണ് സിനിമകള്‍ വാങ്ങുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത്,’ ടൊവിനോ പറയുന്നു.
‘ടെലഗ്രാമില്‍ വരുന്നത് പയറേറ്റഡ് കോപ്പിയാണ്, നമ്മള്‍ക്ക് ഒരു സാധനം വാങ്ങിയും ഉപയോഗിക്കാം, മോഷ്ടിച്ചും ഉപയോഗിക്കാം. ടെലഗ്രാം അത്തരത്തില്‍ മോഷ്ടിച്ച് ഉപയോഗിക്കുന്ന പോലയാണ്,’ ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അദ്രി ജോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഖാലിദ്റഹ്മാനാണ് ചിത്രത്തിന്റെ സംവിധാനം.
Content Highlight: Tovino Thomas opinion About people who watch movies in Telegram