| Tuesday, 15th June 2021, 5:49 pm

'മസിലൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്, അഭിനയിക്കാനൊന്നും അറിയില്ലായിരിക്കും'; മുന്‍വിധിയോടെ പലരും തന്നോട് പെരുമാറിയിട്ടുണ്ടെന്ന് ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കുറഞ്ഞസമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെ നിരയിലേക്കുയര്‍ന്നുവന്ന നടനാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും ആരാധകരെ നേടിയെടുക്കാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ തന്റെ മുഖം മലയാള സിനിമയ്ക്ക് പറ്റിയതല്ലെന്ന് ചില പ്രമുഖര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. ഫിഷ് റോക്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ വെളിപ്പെടുത്തല്‍.

‘എന്റെ മുഖം സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്. താന്‍ മലയാളിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞവരുണ്ട്. എന്താണ് അത് പറയുന്നതിന് കാരണം എന്നുവെച്ചാല്‍, ഞാന്‍ ഈ ബോഡി ബില്‍ഡിംഗ് ഒക്കെ ചെയ്തിരുന്നയാളാണ്. എന്നെ കാണുമ്പോള്‍ ആള്‍ക്കാരുടെ മുന്‍വിധി ഇതാണ്, ദേ ഒരുത്തന്‍ വരുന്നുണ്ട്. അവനോട് കാണാന്‍ കൊള്ളാമെന്നോക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും. മസിലൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അഭിനയിക്കാനൊന്നും അറിയില്ലായിരിക്കും. ഇപ്പോള്‍ തന്നെ ഒഴിവാക്കിയേക്കാം. ഈ മുന്‍വിധിയോടെയാണ് പലരും എന്നോട് പെരുമാറിയിരുന്നത്,’ ടൊവിനോ പറയുന്നു.

എന്നാല്‍ സിനിമ വളരെയധികം ഇഷ്ടപ്പെട്ടാണ് താന്‍ ഈ മേഖലയിലേക്ക് എത്തിയതെന്നും ഫിലിം ഫെസ്റ്റുകള്‍ വളരെ സീരിയസായി കണ്ട വ്യക്തിയാണ് താനെന്നും ടൊവിനോ പറയുന്നു.

‘പ്രശസ്തിയും പണവും എന്റെ പ്രഥമ പരിഗണനയായിരുന്ന സമയത്താണ് ഞാനൊരു ഫിലിം ഫെസ്റ്റിവലിന് പോകുന്നത്. ആ ഫിലിം ഫെസ്റ്റ് കഴിഞ്ഞിറങ്ങിയപ്പോഴാണ് ആ ഫെയിം ആന്റ് മണി എന്ന തത്വം സെക്കന്റ് പ്രയോറിറ്റിയായത്. നന്നായി അഭിനയിച്ച് നല്ല വേഷങ്ങള്‍ ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം,’ ടൊവിനോ പറഞ്ഞു.

പിന്നീടാണ് താന്‍ ചാന്‍സ് ചോദിച്ച് നടക്കാന്‍ തുടങ്ങിയതെന്നും പോര്‍ട്ട്‌ഫോളിയോയിലെ തന്റെ ഷോര്‍ട്ട് ഫിലിംസ് പോലും കാണാന്‍ തയ്യാറാകാത്തവരെ ഈ സമയത്ത് കണ്ടിരുന്നുവെന്നും ടൊവിനോ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Tovino Thomas Opens  About His Career

We use cookies to give you the best possible experience. Learn more