Entertainment news
നീലവെളിച്ചം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 21, 08:51 am
Tuesday, 21st March 2023, 2:21 pm

നാരദന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം റിലീസ് ഡേറ്റ് പുറത്തുവിട്ടു. ഏപ്രില്‍ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

2021ല്‍ പുറത്തിറങ്ങിയ സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിന് ശേഷം റിമ കല്ലിങ്കല്‍ നായികയാവുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ബഷീറായാണ് ടൊവിനോയെത്തുന്നത്.

1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം.

ചിത്രത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത് റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച അനുരാഗ മധു ചഷകം എന്ന പാട്ടാണ് .

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലെ മലയാള സിനിമാ ഗാനരംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഗാനം അണിയിച്ചൊരുക്കിയിരുന്നത്. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

content highlight: tovino thomas movie neelavelicham release date out