കൊച്ചി: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നെന്ന് പരാതി. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം വന്നത്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ചയാണ് ചിത്രം ചോര്‍ന്ന വിവരം നിര്‍മ്മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. സിനിമയുടെ പകുതിയോളം ഭാഗങ്ങള്‍ ചില ലിങ്കുകളില്‍ കാണികയായിരുന്നു. ചിത്രം മുഴുവനും ചോര്‍ന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ചിത്രം മാര്‍ച്ച് 12ന് തീയറ്ററില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. സ്റ്റുഡിയോകളില്‍ സൗണ്ട് മിക്‌സ് ചെയ്ത് കോപ്പി സൂക്ഷിച്ചിരിക്കുകയായിരുന്നു. റിലീസ് മാറ്റിയ വിവരം ടൊവിനോ തോമസായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്.
നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ചോര്‍ച്ച സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജി എ ശ്രീജിത്തിന് പരാതി നല്‍കിയത്.
ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടൊവിനോയുടേത്.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗില്‍നിന്നുമാണ് ചിത്രത്തിന്റെ പേര് ഉരുത്തിരുഞ്ഞതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതും മോഹന്‍ലാലായിരുന്നു.
ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ആന്റോജോസഫും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരജ് എസ് കുറുപ്പ് ആണ് സംഗീതം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക