ടൊവിനോയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘വാശി’യുടെ ചിത്രീകരണം പൂര്‍ത്തിയായി.
നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പാക്കപ്പായതായി ടൊവിനോ തോമസ് തന്നെയാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.
”അങ്ങനെ വാശി പൂര്‍ത്തിയായിരിക്കുന്നു. സുഹൃത്ത് വിഷ്ണു ജി രാഘവിന്റെ ആദ്യ സംവിധാന സംരഭത്തില്‍ കൈകോര്‍ക്കാന്‍ സാധിച്ചതില്‍ സൂപ്പര്‍ ഹാപ്പി.
ബ്രദര്‍, നിനക്ക് എല്ലാ ആശംസകളും നേരുന്നു. കീര്‍ത്തി സുരേഷിന് നന്ദി.
വാശിയെ ഓര്മയിലെടുത്ത് വെക്കാന്‍ പറ്റിയ അനുഭവമാക്കി മാറ്റിയതിന് സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദി.
ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയത്തെയാണ് സിനിമ ചിത്രീകരിക്കുന്നത്. വൈകാതെ അത് നിങ്ങളിലേക്കെത്തും,” ടൊവിനോ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന് എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.