സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയില്‍ ഇരിപ്പിടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. 2012 ല്‍ സജീവന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമയില്‍ മുഖം കാണിച്ചത്. ‘മിന്നല്‍ മുരളി’യിലെ സൂപ്പര്‍ ഹീറോ വരെയെത്തി നില്‍ക്കുന്ന ടൊവിനോ സിനിമയിലെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
10 വര്‍ഷം നീണ്ട തന്റെ സിനിമജീവിതത്തെ കുറിച്ച് ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. തന്റെ ജീവിതവും സിനിമയും മാറിയെങ്കിലും സിനിമയോടുള്ള ആവേശവും ഇഷ്ടവും കൂടിക്കൊണ്ടിരിക്കുകയാണെന്ന് ടൊവിനോ കുറിച്ചു.
തന്റെ യാത്രയില്‍ കൂടെ നിന്ന ഒരോ വ്യക്തികള്‍ക്കും നന്ദി പറയുന്നുവെന്നും ഇനി വരുന്ന 10 വര്‍ഷത്തിന് ശേഷവും ഇത്തരത്തിലൊരു കുറിപ്പ് ഇടാന്‍ കാത്തിരിക്കുന്നുവെന്നും ടൊവിനോ കുറിച്ചു.
കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ‘മിന്നല്‍ മുരളി’യാണ് ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുകയും വലിയ വിജയം നേടുകയും ചെയ്തിരുന്നു.
ആഷിക് അബു സംവിധാനം ചെയ്ത’നാരദനാ’ണ് ടൊവിനോയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ‘വാശി’യാണ് മറ്റൊരു ചിത്രം. കഴിഞ്ഞ 20 തിന് വാശിയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.
ടൊവിനോയുടെ ഫേസ്ബുക്ക് കുറിപ്പ്
10 വര്‍ഷം മുമ്പ്, കൃത്യം ഈ ദിവസമാണ് ആദ്യമായി ഞാന്‍ ഒരു സിനിമാ ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. ഈ 10 വര്‍ഷവും ഒരുപാട് സിനിമകളും കഥാപാത്രങ്ങളും കടന്നുപോയി.
ഇന്ന്, എന്റെ ജീവിതം മാറി, സിനിമ മാറി, പലതും വ്യത്യസ്തമാണ്, പക്ഷേ, സിനിമയോടുള്ള എന്റെ ആവേശവും ഇഷ്ടവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെടുത്താനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് എനിക്കറിയാം.
അത് മികച്ചതാക്കാന്‍ എപ്പോഴും ഇടമുണ്ട്. എല്ലാ ദിവസവും മെച്ചപ്പെടാന്‍ ആവശ്യമായത് ചെയ്യാന്‍ ഞാന്‍ തയാറാണെന്നും എനിക്ക് അറിയാം.
എന്റെ യാത്രയില്‍ ഏതെങ്കിലും തരത്തില്‍ ഭാഗമായ എല്ലാ വ്യക്തികള്‍ക്കും, അവര്‍ വലിയവരായാലും ചെറിയവരാണെങ്കിലും നന്ദി. ഇത് ഒരു വലിയ യാത്രയാണ്, ഇത് മറ്റൊരു തരത്തിലാവാന്‍ എനിക്ക് ആഗ്രഹമില്ല.
വരാനിരിക്കുന്ന എല്ലാ സിനിമകളിലും എനിക്ക് പഠിക്കാന്‍ കഴിയുന്ന എല്ലാത്തിലും ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന എല്ലാ വെല്ലുവിളികളിലും എനിക്ക് ആവേശമുണ്ട്. ഇനി വരുന്ന 10 വര്‍ഷത്തിന് ശേഷവും ഇതുപോലൊരു പോസ്റ്റ് ഇടാന്‍ കാത്തിരിക്കാനാവുന്നില്ല. എല്ലാവര്‍ക്കും നന്ദി.
Content Highlight: tovino thomas facebook post about his 10 years in cinema