സിനമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്ന് വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കിയത്. മൂന്ന് കാലഘട്ടങ്ങളിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. 3D യില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 2021ലാണ് അനൗണ്‍സ് ചെയ്തത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസാകുമെന്നറിയിച്ച സിനിമ റിലീസ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നടന്‍ ടൊവിനോ. തന്റെ പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവി ഇക്കാര്യ പറഞ്ഞത്. മൂന്ന് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയായതു കൊണ്ടും, 3D യിലേക്ക് റെന്‍ഡര്‍ ചെയ്യേണ്ടതുകൊണ്ടുമാണ് സിനിമ വൈകുന്നതെന്ന് ടൊവിനോ പറഞ്ഞു. ഈ വര്‍ഷം ഓണത്തിന് ചിത്രം തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അജയന്റെ രണ്ടാം മോഷണം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം അതിന്റെ ഷൂട്ട് കഴിഞ്ഞു. കൊവിഡ് കാരണം ഷൂട്ട് തുടങ്ങാന്‍ വൈകിയതാണ്. വലിയൊരു സിനിമയാണത്. ഒരുപാട് സി.ജി.ഐ വര്‍ക്കുള്ള സിനിമയാണ്. എനിക്ക് തോന്നുന്നത് 75 ശതമാനത്തോളം സി.ജി.ഐ ആണ് മൂന്ന് കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയാണ്. അതിന് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായം വേണം. എന്നാലേ പൂര്‍ണമായ ആസ്വാദനം ലഭിക്കുള്ളൂ.
അതു മാത്രമല്ല, ഈ സിനിമ ത്രീഡിയിലേക്ക് റെന്‍ഡര്‍ ചെയ്യുന്ന പ്രൊസസ്സ് നടന്നുകൊണ്ടിരിക്കുകയാണ്. ത്രീഡിയിലല്ല ഇത് ഷൂട്ട് ചെയ്തത്. പോസ്റ്റ് പ്രൊഡക്ഷനിലാണ് ത്രീഡിയുടെ വര്‍ക്ക് ചെയ്യുന്നത്. അതിന് വലിയ ചെലവ് വരും. സാധാരണ രീതിയില്‍ ഷൂട്ട് ചെയ്ത് ത്രീഡിയിലേക്ക് മാറ്റുകയാണ്. ഹോളിവുഡില്‍ ഇന്‍ഫിനിറ്റി വാറും, എന്‍ഡ് ഗെയിമും ഒക്കെ അതുപോലെയാണ് ഉണ്ടാക്കുന്നത്. അത്രക്ക് മികച്ച ഔട്ട്പുട്ട് നല്‍കുന്ന റെയ്‌സ് ത്രീഡി എന്ന കമ്പനിയാണ് ത്രീഡി വര്‍ക്ക് ചെയ്യുന്നത്.
വി.എഫ്.എക്‌സിന്റെ വര്‍ക്ക് പല കമ്പനികള്‍ക്ക് സ്പ്ലിറ്റായിട്ടാണ് കൊടുത്തിട്ടുള്ളത്. അങ്ങെന എല്ലാ പ്രൊസസ്സും നന്നായി നടക്കുന്നുണ്ട്. എല്ലാം മികച്ചതായി വരാനാണ് കാത്തിരിക്കുന്നത്. എന്തായാലും ഓണത്തിന് സിനിമയെത്തും,’ ടൊവിനോ പറഞ്ഞു.
അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ടൊവിനോക്ക് പുറമെ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.
Content Highlight: Tovino Thomas explains why Ajayante Randam Moshaman is getting delayed