ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലും മിന്നലടിച്ചതിന്റെ ആവേശത്തിലാണ് മലയാളി ആരാധകർ. നേരത്തെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പങ്കുവെച്ച വർക്കൗട്ട് വീഡിയോ വൈറലായതിന്റെ ത്രില്ലിലാണ് മല്ലൂസ്.
മിന്നൽ മുരളിയിലെ ‘ തീ മിന്നൽ തിളങ്ങി’ എന്ന പാട്ടിനൊപ്പം വർക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ തരംഗമാവുന്നത്.
തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
‘ഗെറ്റിംഗ് ബാക്ക് മിന്നൽ വേഗത്തിൽ’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് പിന്നാലെ നിരവധി ആരാധകർ കമന്റുകളുമായെത്തിയിരുന്നു. ‘അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിലും മിന്നലടിച്ചു,’ ‘മിന്നൽ ജഡ്ഡു’, ‘എങ്ങും മിന്നൽ മയം’ ‘അങ്ങ് മാഞ്ചസ്റ്റർ മുതൽ ഇങ്ങ് ഇന്ത്യൻ ടീം വരെ മിന്നലടിച്ചു’ തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.
ഇപ്പോഴിതാ വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുകയാണ് ഒറിജിനൽ മിന്നൽ മുരളി. മിന്നലിന്റെ ഇമോജിയാണ് ടൊവിനോ പോസ്റ്റിന് കമന്റായി നൽകിയിരിക്കുന്നത്.
ടൊവിനോയുടെ കമന്റും എത്തിയതോടെ ജഡേജയുടെ പോസ്റ്റിന് താഴെ മലയാളികളെ തട്ടി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. നേരത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ പോസ്റ്റിൽ മിന്നൽ മുരളി പ്രത്യക്ഷപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ.
മാഞ്ചസ്റ്റർ സിറ്റി താരം മഹ്‌റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പർഹീറോ മഹ്‌റസ് മുരളി’ എന്ന അടിക്കുറിപ്പോടെയായിരുന്നു സിറ്റി ചിത്രം പങ്കുവെച്ചത്. പോസ്റ്റിന് കമന്റുമായി ടൊവിനോയും എത്തിയിരുന്നു.
ഇതിന് താഴെയായി ‘മിന്നൽ മുരളി ഒറിജിനൽ വാച്ചിങ് യൂ’ എന്നായിരുന്നു ടൊവിനോ കമന്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ മിന്നൽ മുരളി സ്ട്രീം ചെയ്തത്.
നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെൻ ലിസ്റ്റിൽ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നൽ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയർന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉൾപ്പെടെയുള്ളവർ മിന്നൽ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഇടിമിന്നൽ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സൺ കുറുക്കൻമൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.
റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചർച്ചകളായിരുന്നു സോഷ്യൽ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചർച്ചയായത്.
ടൊവിനോക്കൊപ്പം അജു വർഗീസ്, മാമുക്കോയ ഹരിശ്രീ, അശോകൻ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തിയത്.