വിനീത് കുമാറിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഡിയര്‍ ഫ്രണ്ട് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയത്. തിയേറ്ററില്‍ ശ്രദ്ധിക്കപെടാതെ പോയ ചിത്രം പക്ഷെ ഒ.ടി.ടിയിലേക്ക് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.
ടൊവിനോ വളരെ കൈയ്യടക്കത്തോടെ ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്റെ അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങളിലൊക്കെ തനിക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് പലരും പറഞ്ഞ റോളുകള്‍ തെരഞ്ഞെടുത്ത് ചെയ്യുന്ന പോലെയാണ് തോന്നുന്നത്.
മിന്നല്‍ മുരളി പോലെ പാന്‍ ഇന്ത്യന്‍ റീച്ച് കിട്ടിയ ഒരു ചിത്രത്തിന് ശേഷം താരത്തിന് വേണമെങ്കില്‍ തന്റെ സ്റ്റാര്‍ഡം ഉറപ്പിച്ചു നിര്‍ത്തുന്ന രീതിയിലുള്ള വാണിജ്യ സിനിമകളുടെ ഭാഗമാകാമായിരുന്നു.
എന്നാല്‍ ടൊവിനോ പിന്നീട് ചെയ്ത ചിത്രങ്ങളില്‍ ഒക്കെ തന്നെ സൂക്ഷ്മമായ ഒരു ഫില്‍റ്റര്‍ നടത്തി എന്ന് ഇറങ്ങിയ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. മിന്നല്‍ മുരളി റിലീസാകുന്നതിന് മുന്‍പ് പുറത്തുവന്ന ടൊവിനോ ചിത്രങ്ങളിലും വ്യത്യസ്ത തേടി പോകുന്ന ടൊവിനോ എന്ന നടനെ നമുക്ക് കാണാന്‍ കഴിയും.
രോഹിത്ത് വി.എസ് സംവിധാനം ചെയ്ത കളയിലൂടെ വേറിട്ട ആക്ഷന്‍ ത്രില്ലറാണ് ടൊവിനോ ചെയ്തത്. മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള മേക്കിങ് കൊണ്ട് വ്യത്യസ്തമായിരുന്നു കള. കൊമേഷ്യല്‍ സക്‌സസ് മുന്നില്‍ കാണാതെ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായും ടൊവിനോയുണ്ട്. വ്യത്യസ്ത ഷെയ്ഡില്‍ നില്‍ക്കുന്ന കഥാപാത്രമായിട്ട് കൂടി ഷാജി എന്ന കഥാപാത്രത്തെ ടൊവിനോ സ്‌ക്രീനില്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു.
അതിന് ശേഷം ടൊവിനോ എത്തിയത് മനു അശോകന്റെ സംവിധാനം ചെയ്ത കാണേകാണേ എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രത്തിലും നെഗറ്റീവ് ഷെയ്ഡ് എന്ന് തോന്നുന്ന രീതിയിലൊരു കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ഈ ചിത്രത്തിലും ഒരു നടന്‍ എന്ന രീതിയില്‍ പുതിയ തരത്തിലുള്ള പരീക്ഷണത്തിന് താരം മുതിര്‍ന്നിട്ടുണ്ട്.
പിന്നീടാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രം താരത്തിന്റെ കരിയര്‍ ഗ്രാഫ് വലിയ രീതിയില്‍ തന്നെ ഉയര്‍ത്തിയിരുന്നു. പക്ഷെ മിന്നല്‍ മുരളിയുടെ വിജയത്തില്‍ നില്‍ക്കെ ടൊവിനോയുടേതായി പുറത്തുവന്ന അടുത്ത ചിത്രം നാരദന്‍ തിയേറ്ററില്‍ ശ്രദ്ധിക്കപെടാതെ പോവുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്ദ്രപ്രകാശ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്.