മികച്ച ഏഷ്യന്‍ നടനുള്ള രാജ്യാന്തര പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച് നടന്‍ ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സിലാണ് മികച്ച ഏഷ്യന്‍ നടനായി ടൊവിനോയെ തിരഞ്ഞെടുത്തത്. 2018 എന്ന സിനിമയിലെ അഭിനയ മികവിനാണ് പുരസ്‌കാരം.
ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്‌ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നടനും ടൊവിനോ ആണ്.
2018 എന്ന സിനിമയിലെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ പുരസ്‌കാരത്തെ പ്രിയപ്പെട്ടതാക്കുന്നതെന്നും ഇത് കേരളത്തിനുള്ള പുരസ്‌കാരമാണെന്നുമായിരുന്നു അവാര്‍ഡ് സ്വീകരിച്ചതിന് പിന്നാലെ ടൊവിനോ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
നമ്മുടെ ഏറ്റവും വലിയ മഹത്വം എന്ന് പറയുന്നത് ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ്.
2018 ല്‍ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് നമ്മള്‍ എന്താണെന്ന് ലോകം കണ്ടു.
എന്നെ മികച്ച ഏഷ്യന്‍ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡിന് നന്ദി. ഇത് എന്നും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിര്‍ത്തും.
2018 എന്ന സിനിമയിലെ എന്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് എനിക്ക് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്, ഇത് കേരളത്തിനുള്ള പുരസ്‌കാരമാണ്,’ ടൊവിനോ പറഞ്ഞു.
ഇറാഖി നടന്‍ വസിം ദിയ, സിംഗപ്പൂരില്‍ നിന്നുള്ള മാര്‍ക് ലീ, ഇറാനിയന്‍ നടന്‍ മൊഹ്‌സെന്‍ തനബന്ദേ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്തോ, സൗദി നടന്‍ അസീസ് ബുഹൈസ്, യെമെനി നടന്‍ ഖാലിദ് ഹംദാന്‍ എന്നിവരെ പിന്തള്ളിയാണ് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോ നേടിയത്.
നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്.
Content Highlight: Tovino Thomas Asian Award