| Friday, 31st December 2021, 8:19 pm

'മിന്നല്‍ മുരളിയെ ഇഷ്ടപ്പെട്ടത്തില്‍ സന്തോഷം'; രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് ടൊവിനോയും കുടുംബവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് നടന്‍ ടൊവിനോ തോമസും കുടുംബവും. രാജ് ഭവനിലെത്തിയാണ് ടൊവിനോ ഗവര്‍ണറെ കണ്ടത്.

ഗവര്‍ണറുടെ ഒപ്പമുള്ള ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയും ചിത്രങ്ങള്‍ ടൊവീനോ സമുഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഗവര്‍ണറും കുടുംബവും മിന്നല്‍മുരളിയെ സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തെ കാണുന്നതെന്ന് ടൊവിനോ ചിത്രത്തോടൊപ്പം എഴുതിയ ചെറുകുറിപ്പില്‍ പറഞ്ഞു.

‘ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ ഗവര്‍ണറുടെ
ഒരു ആരാധകനാണ്,’ ടൊവിനോ കുറിപ്പില്‍ പറഞ്ഞു.

May be an image of 2 people, child, people standing and indoor

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ റീലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടൊവിനോയുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.

മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. പുഷ് അപ്പ് പോസില്‍ നിന്നും വായുവിലേക്ക് ഉയര്‍ന്ന് ചാടി പറക്കുന്ന പോസിലേക്ക് എത്തുന്ന വീഡിയോ പങ്കുവെച്ച് ‘അടുത്ത മിഷന് വേണ്ടി മിന്നല്‍ മുരളി ചില പുതിയ മൂവുകള്‍ പഠിക്കുന്നു’ എന്നായിരുന്നു ടൊവിനോ കുറിച്ചത്.

ആദ്യ ഭാഗത്തില്‍ സ്പീഡാണ് മിന്നല്‍ മുരളിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്തായാലും രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

May be an image of 3 people, people standing and indoor

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Actor Tovino Thomas and family visit Kerala Governor Arif Mohammad Khan

We use cookies to give you the best possible experience. Learn more