പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ടൊവിനോ തോമസ്. എ.ബി.സി.ഡി, സെവന്‍ത്ത് ഡേ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ ടൊവിനോ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനാണ് ഇനി വരാനുള്ള ടൊവിനോ തോമസ് ചിത്രം.
ചുരുങ്ങിയ സമയം കൊണ്ട് അന്യഭാഷകളിലടക്കം സിനിമകൾ ചെയ്ത ടൊവിനോ തമിഴ് നടൻ ചിയാൻ വിക്രമിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ്. താൻ സ്കൂളിൽ പഠിക്കുമ്പോഴേ വിക്രം സൂപ്പർ സ്റ്റാറാണെന്നും വിക്രമിനോട് വലിയ ആരാധനയാണെന്നും ടൊവിനോ പറയുന്നു.
അന്യൻ സിനിയമയെ കുറിച്ചായിരുന്നു തനിക്ക് അധികവും ചോദിക്കാനുണ്ടായിരുന്നതെന്നും വിക്രം അടുത്ത ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തികൊണ്ടിരിക്കുകയായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
‘ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തെ വിക്രം സാർ വലിയൊരു സ്റ്റാറാണ്. അന്നേ അദ്ദേഹം വലിയൊരു ആക്ടറാണ്. അങ്ങനെ നമുക്ക് വലിയ ആരാധനയും ഇഷ്ടവുമൊക്കെയുള്ള ഒരാൾ നമ്മളോട് വളരെ സ്വീറ്റായി പെരുമാറുമ്പോൾ വലിയ സന്തോഷം തോന്നും. അത് കൂടാതെ അദ്ദേഹം ആ സമയത്ത് ഡയറ്റിങ്ങിലായിരുന്നു. തങ്കലാൻ കഴിഞ്ഞിട്ട് അടുത്ത പടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുകയാണ്. ആ സമയത്ത് പുള്ളി ആറ് മണിക്ക് ശേഷം ഭക്ഷണം കഴിക്കില്ല, വെള്ളം കുടിക്കില്ല. പക്ഷെ ആ സമയത്തും എനിക്ക് കുറെ ഭക്ഷണമൊക്കെ അദ്ദേഹം നൽകി എന്റെയടുത്ത് സംസാരിക്കുകയാണ്.
ഞാനപ്പോൾ കൺഫ്യൂഷനിലാണ്, ഭക്ഷണം കഴിക്കണോ അതോ പുള്ളിയെ നോക്കിയിരിക്കണോയെന്ന്. അപ്പോഴും ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്, അന്യൻ ഞാൻ അമ്പത് വട്ടം കണ്ടിട്ടുണ്ടെന്നൊക്കെയാണ്. അത് തന്നെയാണ് പിന്നെയും പിന്നെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്,’ടൊവിനോ പറയുന്നു.
ഐഡന്റിറ്റിയാണ് ഏറ്റവും ഒടുവിൽ ഇറങ്ങിയ ടൊവിനോ തോമസ് ചിത്രം. മാർച്ച് 27 ന് ഇറങ്ങുന്ന എമ്പുരാനാണ് അടുത്ത സിനിമ. ലൂസിഫറിൽ അവതരിപ്പിച്ച ജിതിൻ രാംദാസ് എന്ന കഥാപാത്രമായി ടൊവിനോ എത്തുമ്പോൾ ഒന്നാംഭാഗത്തിൽ ഉണ്ടായിരുന്ന ഏതൊക്കെ അഭിനേതാക്കൾ എമ്പുരാനിൽ ഉണ്ടാവുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Content Highlight: Tovino Thomas About Vikram And Anyan Movie