കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തന രീതികളും നിയമസംവിധാനങ്ങളും തിരുത്തിയില്ലെങ്കില്‍ പുതിയ തലമുറ ഇനിയും ഇത് കണ്ടുനില്‍ക്കില്ല, പ്രതികരിക്കും; വാളയാര്‍ കേസില്‍ ടൊവിനോ
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പ്രതികരണവുമായി നടന്‍ ടോവിനോ തോമസ്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല. അവര്‍ പ്രതികരിക്കും .
ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് കേരളാ സൈബര്‍ വാരിയേഴ്സ് ഇന്നലെ സംസ്ഥാന നിയമ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ഹാക്ക് ചെയ്ത വിവരം സൈബര്‍ വാരിയേഴ്സ് തന്നെയായിരുന്നു. ഫേസ്ബുക്കിലൂടെ അറിയിച്ചത്.
വാളയാര്‍ കേസിലെ സര്‍ക്കാരിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് ഹാക്കിങ്ങെന്ന് സൈബര്‍ വാരിയേഴ്സ് പറയുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും സൈബര്‍ വാരിയേഴ്സ് ആവശ്യപ്പെട്ടിരുന്നു.
ടൊവിനോയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവര്‍ പ്രതികരിക്കും .
ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !