ആ സിനിമക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ട് എന്നോട് വേണമെങ്കില്‍ സിനിമ നിര്‍ത്തിക്കോ എന്ന് ലിഡിയ പറഞ്ഞു: ടൊവിനോ തോമസ്
Entertainment
ആ സിനിമക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ട് എന്നോട് വേണമെങ്കില്‍ സിനിമ നിര്‍ത്തിക്കോ എന്ന് ലിഡിയ പറഞ്ഞു: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2024, 3:34 pm

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ടൊവിനോ തോമസ്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് ടൊവിനോ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് സഹനടനായും വില്ലനായും ചെറിയ വേഷങ്ങള്‍ ചെയ്ത ടൊവിനോ വളര പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്തി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടാനും ടൊവിനോക്ക് സാധിച്ചു.

ടൊവിനോയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു 2022ല്‍ പുറത്തിറങ്ങിയ തല്ലുമാല. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പില്‍ ടൊവിനോ ഞെട്ടിച്ചു. ചിത്രത്തിനായി ശരീരഭാരം കുറച്ചതും വലിയ വാര്‍ത്തയായിരുന്നു. എട്ട് ഫൈറ്റും എട്ട് പാട്ടുകളുമുള്ള ചിത്രം 2022ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.

ചിത്രത്തിലെ ‘ജ്ജിണ്ടാക്ക്’ എന്ന പാട്ടിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ. ആ പാട്ടിന്റെ ഷൂട്ട് കാണാന്‍ തന്റെ കുടുംബം വന്നിരുന്നുവെന്ന് ടൊവിനോ പറഞ്ഞു. ഒരു ഗോഡൗണിനകത്ത് വെച്ചാണ് ആ പാട്ട് ചിത്രീകരിച്ചതെന്നും അത്രയും ചൂടില്‍ താന്‍ കഷ്ടപ്പെട്ട് ഡാന്‍സ് ചെയ്യുന്നത് തന്റെ പങ്കാളി കണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ആ സിനിമക്ക് മുമ്പ് അഭിനയത്തില്‍ നിന്ന് ബ്രേക്കെടുക്കണമെന്ന് പലപ്പോഴും ചിന്തിച്ചിരുന്നുവെന്നും അത് അവളോട് പറഞ്ഞപ്പോള്‍ തന്നെ പിന്തിരിപ്പിച്ചെന്നും ടൊവിനോ പറഞ്ഞു. എന്നാല്‍ തല്ലുമാലയുടെ ഷൂട്ട് കണ്ടപ്പോള്‍ തന്നോട് സിനിമ നിര്‍ത്തിക്കോ എന്ന് പറയുകയും ചെയ്‌തെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘തല്ലുമാലയുടെ ഷൂട്ട് കാണാന്‍ എന്റെ ഫാമിലി വന്നിരുന്നു. അതിലെ ‘ജ്ജിണ്ടാക്ക്’ എന്ന പാട്ട് ഷൂട്ട് ചെയ്തപ്പോളാണ് അവര്‍ വന്നത്. ഒരു ഗോഡൗണിനകത്ത് വെച്ചാണ് ആ പാട്ട് എടുത്തത്. പടത്തില്‍ കാണിക്കുന്നത് രാത്രിയാണെങ്കിലും പകലാണ് ഷൂട്ട് ചെയ്തത്. അതിന് വേണ്ടി റൂഫില്‍ മൊത്തം കറുത്ത തുണി വിരിച്ച് വെച്ചിരിക്കുകയായിരുന്നു. ചൂടെടുത്ത് മൊത്തം വിയര്‍ത്ത് നില്‍ക്കുകയായിരുന്നു. ഞാനാണെങ്കില്‍ ഓരോ സ്‌റ്റെപ്പും നാലഞ്ച് ടേക്ക് പോകുന്നുണ്ടായിരുന്നു. ഡാന്‍സൊന്നും നമുക്ക് പറ്റുന്ന പണിയല്ലെന്ന് ആദ്യമേ അറിയാമായിരുന്നു.

ആ സിനിമക്ക് മുമ്പ് ഞാന്‍ ലിഡിയയോട് ഒരു ബ്രേക്കെടുക്കാന്‍ തോന്നുന്നു, അഭിനയം നിര്‍ത്താന്‍ തോന്നുന്നു എന്നൊക്കെ വെറുതെ പറയുമായിരുന്നു. തല്ലുമാലയുടെ ഷൂട്ട് കണ്ടപ്പോള്‍ അവള്‍ എന്റെയടുത്ത് വന്നിട്ട് ‘നീ വേണേല്‍ അഭിനയം നിര്‍ത്തിക്കോ’ എന്ന് പറഞ്ഞു. ഞാന്‍ അത്രയും കഷ്ടപ്പെടുന്നത് അതിന് മുമ്പ് അവള്‍ കണ്ടിട്ടില്ല,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about the shooting experience of Thallumala movie