| Thursday, 12th September 2024, 1:52 pm

ലാലേട്ടന്‍ പറഞ്ഞ ആ കാര്യം ഫോളോ ചെയ്തപ്പോള്‍ മെച്ചുരിറ്റി വന്നതുപോലെ തോന്നി: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

12 വര്‍ഷം കൊണ്ട് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറിയ നടനാണ് ടൊവിനോ തോമസ്. സഹനടനായി കരിയര്‍ ആരംഭിച്ച ടൊവിനോ ഗപ്പിയിലൂടെ നായകവേഷം ചേരുമെന്ന് തെളിയിച്ചു. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചചെയ്യപ്പെട്ടു. അജയന്റെ രണ്ടാം മോഷണത്തിലൂടെ 50ാം ചിത്രമെന്ന നാഴികക്കല്ലിലേക്ക് കയറുകയാണ് ടൊവിനോ.

കരിയറിലെ വിജയങ്ങളും പരാജയങ്ങളും തന്നെ അധികം ബാധിക്കാറില്ലെന്ന് പറയുകയാണ് ടൊവിനോ. താന്‍ പലപ്പോഴും മെച്വറായി പെരുമാറാന്‍ ശ്രമിക്കാറുണ്ടെന്നും അതിന് കാരണം മോഹന്‍ലാല്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങളാണെന്നും ടൊവിനോ പറഞ്ഞു. ജീവിതത്തില്‍ നടന്ന കാര്യങ്ങളെപ്പറ്റി ആലോചിച്ച് പശ്ചാത്തപിക്കാറില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ഇത്തരം വാക്കുകളും, സുഹൃത്തുക്കള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചും, ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ച കാര്യങ്ങളും എല്ലാമാണ് തനിക്ക് മെച്ചുരിറ്റി തന്നതെന്ന് ടൊവിനോ പറഞ്ഞു. എന്നിരുന്നാലും തനിക്ക് താനായി ഇരിക്കാനുള്ള സമയം കണ്ടെത്തുമെന്നും അതിലൂടെ ചെറിയ രീതിയില്‍ ആനന്ദം കിട്ടാറുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ലാലേട്ടന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ഒരു കാര്യമുണ്ട്, ‘ജീവിതത്തില്‍ ഇതുവരെ നടന്ന കാര്യങ്ങളില്‍ ഞാന്‍ ഒരിക്കലും പശ്ചാത്തപിക്കാറില്ല. വിജയങ്ങളും പരാജയങ്ങളും തമ്മില്‍ എപ്പോഴും കണക്ട് ചെയ്ത് നോക്കും. വിജയങ്ങളുണ്ടാകുമ്പോള്‍ അതിനെ പരാജയവുമായി വെച്ച് നോക്കും. ഇതൊക്കെ താത്കാലികമാണെന്ന് അപ്പോള്‍ മനസിലാകും. പരാജയമുണ്ടാകുമ്പോള്‍ വിജയവുമായി കമ്പയര്‍ ചെയ്യും. അത്രയും വലിയ വിജയമുണ്ടായതിനാല്‍ ഈ പരാജയം ഒന്നുമല്ലെന്ന് മനസിലാകും,’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതെന്നെ വല്ലാതെ സ്വാധീനിച്ചു.

പിന്നെ, നമ്മുടെ ചുറ്റുമുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കും, വായനയിലൂടെ പല കാര്യങ്ങളും മനസിലാക്കും, പിന്നെ ജീവിതം നമ്മളെ പഠിപ്പിക്കുന്ന കാര്യങ്ങളുമുണ്ടാകുമല്ലോ. ഇതൊക്കയാണ് എനിക്ക് മെച്ചുരിറ്റി തന്നത്. എന്നിരുന്നാലും എന്റെയുള്ളില്‍ ഫണ്ണിയായിട്ടുള്ള ടൊവിനോയെ ഇടക്ക് പുറത്തേക്ക് കൊണ്ടുവരും. അതെല്ലാം ഒരു ബാലന്‍സില്‍ മെയിന്റെയിന്‍ ചെയ്യുന്നുണ്ട്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about the influence of Mohanlal’s words in his life

Latest Stories

We use cookies to give you the best possible experience. Learn more