മലയാള സിനിമയുടെ ഭാഗ്യവര്‍ഷമായാണ് 2024 നെ കണക്കാക്കുന്നത്. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും ഭ്രമയുഗവും ആടുജീവിതവും ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവും തുടങ്ങി ഹിറ്റുകള്‍ക്ക് പിറകെ ഹിറ്റുകളുമായി മലയാള സിനിമ മുന്നേറുകയാണ്.
സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന നടികറാണ് അവധിക്കാല റിലീസുകളില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ മറ്റൊരു ചിത്രം. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനായ നടികറെ കുറിച്ച് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
2024ല്‍ മലയാള സിനിമകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത നടികറിലൂടെ ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ.
റിലീസിന് മുന്‍പ് ഒരു സിനിമയ്ക്ക് വലിയ കളക്ഷന്‍ ലഭിക്കുമോ, റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുമോ എന്നൊന്നും പറയാന്‍ സാധിക്കില്ലെന്നാണ് താരം പറയുന്നത്. അല്ലെങ്കില്‍ പിന്നെ സുഷിന് ശ്യാമിനെപ്പോലെയൊക്കെ ആവണമെന്നായിരുന്നു തമാശരൂപേണയുള്ള ടൊവിനോയുടെ മറുപടി.
‘മഞ്ഞുമ്മല്‍ ബോയ്സിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത് സുഷിനാണ്. ആ സിനിമ കണ്ട് കഴിഞ്ഞ് സുഷിന് ആത്മാര്‍ത്ഥമായി പറഞ്ഞതാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ മലയാളം ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റും എന്നത്. അല്ലാതെ ചുമ്മാ പ്രവചിച്ചതൊന്നും അല്ല.
അത് കറക്ട് ആയി സംഭവിക്കുകയും ചെയ്തു.
സിനിമയുടെ റിലീസിന് മുന്‍പ് അതിന്റെ വിജയം പ്രെഡിക്റ്റ് ചെയ്യണമെങ്കില്‍ സുഷിന് ശ്യാം ആയിരിക്കണം സംഗീത സംവിധായകന്. അതല്ലാതെ അതു പ്രെഡിക്റ്റ് ചെയ്യാന്‍ വളരെ പാടാണ്. പക്ഷെ തീര്‍ച്ചയായിട്ടും ഞങ്ങളുടെ ഭാഗത്തു നിന്നുള്ള മുഴുവന്‍ എഫേര്‍ട്ടും ഈ സിനിമയില്‍ ഇട്ടിട്ടുണ്ട്. ഈ സിനിമ നല്ലോരു സിനിമയാവാന്‍ ഞങ്ങള്‍ എല്ലാവരും കോപ്രോമൈസ് ഇല്ലാതെ തന്നെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്.
ഈ സിനിമ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടുകയാണങ്കില്…ഞങ്ങളല്ല ഒരു സിനിമ റെക്കോര്‍ഡ് ബ്രേക്കിങ് ആക്കുന്നത്. തീര്‍ച്ചയായും അത് പ്രേക്ഷകരാണ്.
ആളുകള്‍ സിനിമ കാണുമ്പോഴാണ് അത് വലിയ വിജയമാവുന്നത്. ആളുകള്‍ കണ്ടില്ലെങ്കില്‍ അത്ര വലിയ വിജയമൊന്നും ആവില്ല. ആളുകള്‍ കണ്ട് അവര്‍ക്ക് അത് ഇഷ്ടപ്പെടുകയാണങ്കില് പ്ലീസ് സ്പ്രഡ് ദി വേള്‍ഡ്’, ടൊവിനോ തോമസ് പറഞ്ഞു.
ടൊവിനോ, ഭാവന, സൗബിന് ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്, ബാലു വര്‍ഗീസ്, ചന്തു സലീംകുമാര്‍, ഗണപതി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രംകൂടിയാണ് നടികര്‍.
Content Highlight: Tovino Thomas about the expected success of nadikar