| Thursday, 12th September 2024, 5:13 pm

പൃഥ്വി ചെയ്യുന്ന ആ കാര്യം മറ്റൊരു സംവിധായകനും ചെയ്യാന്‍ പറ്റില്ല: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു 2019ല്‍ റിലീസായ ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായണണിഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് ഖുറേഷി അബ്രാം എന്ന അധോലോക നായകനിലേക്കുള്ള മോഹന്‍ലാലിന്റെ മാറ്റം തിയേറ്ററുകളെ ഇളക്കിമറിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

ആദ്യഭാഗത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ടൊവിനോയുടേത്. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായി ഗംഭീരപ്രകടനമാണ് ടൊവിനോ കാഴ്ചവെച്ചത്. എമ്പുരാനിലും ടൊവി പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. എമ്പുരാനിന്റെ സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ. മിക്കപ്പോഴും ആദ്യടേക്കില്‍ തന്നെ ഓക്കെയാക്കുന്ന തരത്തിലാണ് ഓരോ സീനും പൃഥ്വി വിശദീകരിക്കുകയെന്ന് ടൊവിനോ പറഞ്ഞു.

ഷോട്ടെടുത്ത ശേഷം അത് മോണിറ്ററില്‍ നോക്കാതെ തന്നെ കട്ട്, ഷോട്ട് ഓക്കെ എന്നാണ് പറയാറുള്ളതെന്നും ആദ്യമായാണ് താന്‍ ഇങ്ങനെ ഒന്ന് കേള്‍ക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മറ്റ് സംവിധായകര്‍ ഷോട്ടിന് ശേഷം ഓരോ ഭാഗവും രണ്ടുമൂന്ന് തവണ മോണിറ്ററില്‍ നോക്കിയ ശേഷമാണ് അടുത്തിലേക്ക് പോകാറെന്നും പൃഥ്വി ഇക്കാര്യത്തില്‍ വ്യത്യസ്തനാണെന്നും ടൊവിനോ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

‘എമ്പുരാന്റെ സെറ്റ് ഞാന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഒന്നാണ്. ആ സിനിമ ഡിജിറ്റല്‍ ക്യാമറയിലാണ് ഷൂട്ട് ചെയ്യുന്നത്. ഫിലിമിന്റെ എണ്ണത്തെക്കുറിച്ച് ആലോചിക്കണ്ട, ഷോട്ട് ഓക്കെയാണോ എന്ന് നോക്കാന്‍ മോണിറ്ററുണ്ട്. പക്ഷേ പൃഥ്വി ഇതൊക്കെ ഉപയോഗിക്കുന്ന രീതിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. നമ്മളെ വെച്ച് ഒരു ഷോട്ട് എടുത്ത ശേഷം പൃഥ്വി മോണിറ്റര്‍ നോക്കില്ല. ‘കട്ട്, ഷോട്ട് ഓക്കെ’ എന്ന് അപ്പോള്‍ തന്നെ പറയും. വേറെ ഒരു സംവിധായകരും ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല.

മറ്റുള്ളവര്‍ ഷോട്ടെടുത്ത് കഴിഞ്ഞാല്‍ ഓരോ ചെറിയ കാര്യവും മോണിറ്ററില്‍ സൂക്ഷ്മമായി നോക്കിയിട്ടേ അടുത്തതിലേക്ക് പോകുള്ളൂ. അവിടെയാണ് ഒരാള്‍ ഷോട്ട് ഓക്കെയാകുമ്പോള്‍ മോണിറ്റര്‍ നോക്കാതെ ‘കട്ട് ഷോട്ട് ഓക്കെ’ എന്ന് പറയുന്നത്. എന്നെ സംബന്ധിച്ച് ഇത് പുതിയൊരു അനുഭവമാണ്. അത്രമാത്രം നിരീക്ഷണപാടവമുള്ളവര്‍ക്കേ ഇതുപോലെയാകാന്‍ പറ്റുള്ളൂ,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about the direction skill of Prithviraj

We use cookies to give you the best possible experience. Learn more