|

കഠിന കഠോരത്തിലുള്ളതിനെക്കാളും സെന്റിയായ ബേസിലിനെ ഞാന്‍ കണ്ടിട്ടുണ്ട്; ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫിന്റെ അഭിനയത്തെ പറ്റി സംസാരിക്കുകയാണ് ടൊവിനോ തോമസ്. അഭിനേതാവ് എന്ന നിലയില്‍ ബേസില്‍ ചെയ്തുവെച്ചതൊക്കെ അടിപൊളിയാണെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ടൊവിനോ പറഞ്ഞു. പ്രിയംവദ കാതരയാണ് എന്ന ഷോര്‍ട്ട് ഫിലിം മുതല്‍ ബേസില്‍ ചെയ്തുവന്ന ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ ഉണ്ടെന്നും ടൊവിനോ പറഞ്ഞു. നീലവെളിച്ചം പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.

നീലവെളിച്ചത്തിനൊപ്പം ബേസിലിന്റെ കഠിനകഠോരമീ അണ്ഡകടാഹവും ഇറങ്ങുകയാണല്ലോ, ഇതിലും സെന്റിയായ ബേസിലിനെ ചിലപ്പോള്‍ ഇതിന് മുമ്പ് കണ്ട് കാണില്ലെന്ന് അവതാരകന്‍ പറയുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു ടൊവിനോയുടെ മറുപടി.

‘ആക്ടര്‍ എന്ന നിലയില്‍ ബേസില്‍ ചെയ്തുവെച്ച സാധനങ്ങള്‍ അടിപൊളിയാണ്. അവന്റെ കൂടെ വര്‍ക്ക് ചെയ്ത ആക്ടര്‍ എന്ന നിലക്കും അവന്‍ സംവിധാനം ചെയ്ത സിനിമകളില്‍ അഭിനയിച്ച ആളെന്ന നിലക്കും വളരെ അഭിമാനമുണ്ട്. പ്രിയംവദ കാതരയാണ് മുതല്‍ അവന്‍ അവന്റേതായ സിഗ്നേച്ചര്‍ പെര്‍ഫോമന്‍സുകളിലും സിനിമകളിലും കീപ്പ് ചെയ്യുന്നുണ്ട്,’ ടൊവിനോ പറഞ്ഞു.

നീലവെളിച്ചത്തിനൊപ്പം ഇറങ്ങിയ ചിത്രങ്ങളെ പറ്റിയും ടൊവിനോ സംസാരിച്ചു. ‘മുഹ്‌സിന്‍ പരാരിയുടെ ചേട്ടനാണ് ഇര്‍ഷാദ് പരാരി. അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സിനിമയാണ് അയല്‍വാശി. അതുപോലെ ചെമ്പന്‍ ചേട്ടനും അഷ്‌റഫ് ഇക്കയും വര്‍ക്ക് ചെയ്തിട്ടുള്ള സിനിമയാണ് സുലൈഖ മന്‍സില്‍. പിന്നെ ബേസിലിന്റെ സിനിമയുണ്ട്. എന്നാല്‍ പിന്നെ വലിയ ഒരു ഹാള്‍ എടുത്ത് എല്ലാവര്‍ക്കും കൂടി പ്രൊമോഷന്‍ ചെയ്താലോന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു.

ലുക്മാനൊക്കെ ഇവിടെ എത്തിയിട്ടുണ്ട്. അത് വളരെ പോസിറ്റീവായിട്ടാണ് ഞാന്‍ കാണുന്നത്. അങ്ങോട്ടും ഇങ്ങോട്ടും റെസ്‌പെക്ട് ചെയ്യുന്ന, അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള ആളുകളുടെ സിനിമ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നു. ആ സിനിമകളെല്ലാം നന്നായി പെര്‍ഫോം ചെയ്താല്‍ സന്തോഷം,’ ടൊവിനോ പറഞ്ഞു.

ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ആണ് ഒടുവില്‍ പുറത്ത് വന്ന ടൊവിനോയുടെ ചിത്രം. 2018ലെ പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രത്തില് കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, തന്‍വി റാം, അപര്‍ണ ബാലമുരളി എന്നിങ്ങനെ വലിയ താരനിരയാണ് എത്തിയത്.

അജയന്റെ രണ്ടാം മോഷണം, നടികര്‍ തിലകം, വഴക്ക് എന്നിങ്ങനെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളും ടൊവിനോയുടേതായി അണിയറയിലുണ്ട്.

Content Highlight: tovino thomas about the acting skills of basil joseph