ആ ഒരു ആര്‍ട്ടിസ്റ്റ് മോശമായതുകൊണ്ട് ഷൂട്ടിനിടയില്‍ എനിക്ക് പൊള്ളലേറ്റു: ടൊവിനോ തോമസ്
Entertainment
ആ ഒരു ആര്‍ട്ടിസ്റ്റ് മോശമായതുകൊണ്ട് ഷൂട്ടിനിടയില്‍ എനിക്ക് പൊള്ളലേറ്റു: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 2:54 pm

ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച് മലയാളത്തിലെ മുന്‍നിരയിലേക്ക് നടന്നുകയറിയ താരമാണ് ടൊവിനോ തോമസ്. 2016ല്‍ റിലീസായ ഗപ്പിയിലൂടെ നായകവേഷത്തിലരങ്ങേറിയ ടൊവിനോ വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. ധനുഷ് നായകനായ മാരി 2 എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ച ടൊവിനോ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ചും സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ 50 സിനിമകള്‍ എന്ന നാഴികക്കല്ല് താണ്ടാനും ടൊവിനോക്ക് സാധിച്ചു.

അഞ്ച് ഭാഷകളിലായി ത്രീ.ഡിയില്‍ ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്ന് വേഷത്തിലാണ് ടൊവിനോ എത്തുന്നത്. മൂന്ന് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഷൂട്ടിനിടെ മുഖത്ത് പൊള്ളലേറ്റതിനെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. തനിക്ക് നേരെ എറിയുന്ന പന്തം ചാടിപ്പിടിക്കുന്ന ഷോട്ടിനിടെയാണ് പൊള്ളലേറ്റതെന്ന് ടൊവിനോ പറഞ്ഞു.

ഉയരത്തില്‍ നിന്ന് ലാന്‍ഡ് ചെയ്ത ശേഷം താഴെ കിടക്കുന്ന പന്തം എടുക്കുന്നതായിട്ടാണ് ഷോട്ട് പ്ലാന്‍ ചെയ്തതെന്നും ഫൈറ്റ് മാസ്റ്ററോട് ആ പന്തം എയറില്‍ നിന്ന് പിടിക്കാമെന്ന് തീരുമാനിച്ചെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു. ആ ഷോട്ട് ടോപ്പ് ആംഗിളില്‍ വെച്ച് എടുക്കാമെന്ന് സംവിധായകന്‍ പറഞ്ഞെന്നും പന്തം മോശം ആര്‍ട്ടിസ്റ്റായത് കൊണ്ട് തലകീഴായി തന്റെ മുഖത്തിന് നേരെ വന്നുവെന്നും ടൊവിനോ പറഞ്ഞു. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

ഒരു ഫൈറ്റിന്റെ ഇടയ്ക്ക് കവുങ്ങില്‍ നിന്ന് താഴേക്ക് തലകീഴായി ഇറങ്ങി ഒരാളെ ചവിട്ടിയിട്ട് ലാന്‍ഡ് ചെയ്യുന്ന ഷോട്ടുണ്ട്. ചവിട്ടുന്ന സമയത്ത് അയാളുടെ കൈയിലെ പന്തം നിലത്ത് വീഴുകയും ഞാന്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ആ പന്തമെടുത്ത് അയാളെ അടിക്കുന്നതുമാണ് ജിതിന്‍ പ്ലാന്‍ ചെയ്തത്. ആദ്യത്തെ ടേക്കില്‍ ഞാന്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പന്തം നിലത്തെത്തിയില്ല. അപ്പോള്‍ എനിക്ക് ഒരു ഐഡിയ തോന്നി. ആ പന്തം എയറില്‍ നിന്ന് പിടിച്ചിട്ട് അയാളെ അടിച്ചാലോ എന്ന്.

ഇത് ഞാന്‍ ഫൈറ്റ് മാസ്റ്ററിനോടും ജിതിനോടും പറഞ്ഞപ്പോള്‍ അവര്‍ക്കും ഓക്കെയായി. ത്രീ.ഡിയില്‍ എടുക്കുന്നതായതുകൊണ്ട് ആ ഷോട്ട് ടോപ്പ് ആംഗിള്‍ വെച്ച് എടുക്കാമെന്ന് പ്ലാന്‍ ചെയ്തു. പക്ഷേ പന്തം ഒരു മോശം ആര്‍ട്ടിസ്റ്റായിരുന്നു മുകളിലേക്ക് പോയ സമയത്ത് പന്തം എയറില്‍ വെച്ച് തന്നെ തലകീഴായി ഞാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു തീഗോളം വരുന്നതുപോല തോന്നി. മുഖത്ത് പന്തം വന്നടിച്ച് ചെറുതായി പൊള്ളലേറ്റു,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about the accident happened during Ajayante Randam Moshanam movie