താൻ സ്റ്റാർഡം നോക്കുന്ന ഒരു നടനെല്ലെന്ന് ടൊവിനോ തോമസ്. സ്റ്റാർഡത്തിനെക്കുറിച്ച് ചിന്തിക്കുന്ന ഒരാളല്ല താനെന്നും എന്നാൽ ബാങ്കബിലിറ്റിയുടെ കാര്യത്തിൽ ശ്രദ്ധയുണ്ടെന്നും ടൊവിനോ പറഞ്ഞു. താൻ ആഗ്രഹിക്കുന്ന സിനിമകൾ ചെയ്യാൻ വേണ്ടി തന്നെ വിശ്വസിച്ച് പൈസ മുടക്കുന്ന പ്രൊഡ്യൂസേഴ്സ് വരണമെന്നും ടൊവിനോ കൂട്ടിച്ചേർത്തു. മൂവി മാൻ ബ്രോഡ്‌കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇത്രയും കാലയളവിലുള്ള എന്റെ സിനിമകളും തെരഞ്ഞെടുപ്പുകളും കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു. ഞാൻ അതിനെപ്പറ്റിയിട്ട് അധികം ബോതേഡ് അല്ല. സ്റ്റാർഡത്തിനെ പറ്റിയിട്ട് അധികം ഞാൻ ബോതേർഡ് അല്ല. എന്നാൽ ബാങ്കബിലിറ്റിയുടെ കാര്യത്തിൽ ഞാൻ ബോതേർഡാണ്. ഞാൻ ആഗ്രഹിക്കുന്ന പോലൊരു സിനിമകൾ ചെയ്യാൻ ആയിട്ട് എന്നെ വിശ്വസിച്ച് പൈസ മുടക്കുന്ന പ്രൊഡ്യൂസേഴ്സ് വരണം. ആ വരുന്ന പ്രൊഡ്യൂസറിനെ സാമ്പത്തികമായ നഷ്ടം ഇല്ലാതെ ആ സിനിമ ഇറങ്ങണമെന്നെനിക്ക് ആഗ്രഹമുണ്ട്.
അതിനെ ഞാൻ നോക്കിക്കാണുന്നത് സ്റ്റാർഡം ആയിട്ടല്ല. അതിന് ഞാൻ നോക്കി കാണുന്നത് ബാങ്കബിലിറ്റി എന്നതാണ്, അതാണ് അതിന്റെ യഥാർത്ഥ വാക്ക്. ഒരു പരിധി വിട്ടാൽ സ്റ്റാർഡം വളരെ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു മുൻവിധി ഉണ്ടാകും. ഇയാൾ സ്റ്റാർ ആയതുകൊണ്ട് ഇയാൾ തന്നെ ജയിക്കുമെന്ന് തോന്നും. പക്ഷേ അവസാനത്തെ അടിയിൽ തോൽക്കണം.
ചിലപ്പോൾ തോറ്റേക്കാം എന്ന് ആളുകൾക്ക് തോന്നണം. അങ്ങനെയൊരു പ്രവചനാതീതത ഉണ്ടാകണം. സ്റ്റാർഡും എനിക്ക് ആവശ്യമില്ലാത്ത ഒരു സാധനമാണ്. ബാങ്കബിലിറ്റി എനിക്ക് ആവശ്യമുണ്ട്. അതിനു വേണ്ടിയിട്ടുള്ള കൊമേർഷ്യൽ സക്സസും എനിക്ക് ആവശ്യമുണ്ട്,’ ടൊവിനോ തോമസ് പറഞ്ഞു.
അതേസമയം, ടൊവിനോ പൊലീസ് കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ അച്ഛനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്.