ടൊവിനോ-കല്യാണി പ്രിയദര്‍ശന്‍-ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ടൊവിനോയുടേയും ഷൈന്‍ ടോം ചാക്കോയുടേയും ഡാന്‍സുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഡാന്‍സ് അറിയാത്ത ടൊവിനോയുടേയും ഭീഷ്മ പര്‍വ്വത്തിന് ശേഷമുള്ള ഷൈനിന്റെ കിടിലന്‍ ചുവടുകളേയുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. യൂട്യൂബില്‍ ട്രന്റിങ്ങില്‍ രണ്ടാമതാണ് ജിണ്ടാക്കിക്കോ എന്ന തല്ലുമാലയിലെ ഡാന്‍സ് ഗാനരംഗം.
ചിത്രത്തില്‍ ഡാന്‍സ് ചെയ്തതിനെ കുറിച്ചും ഷൈന്‍ ടോം ചാക്കോയുടെ ഡാന്‍സിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ടൊവിനോ.
‘ഞങ്ങളുടെ രണ്ട് പേരുടേയും ഷൂട്ട് വേറെ വേറെ സ്ഥലങ്ങളില്‍ നിന്നായിരുന്നു. ഷൈന്‍ ചേട്ടന്റെ ഷൂട്ട് ആദ്യം കഴിഞ്ഞിരുന്നു. അത് കണ്ടപ്പോഴേ ഞാന്‍ ആലോചിച്ചു ദൈവമേ ഇയാള്‍ ഇത്ര ഗംഭീരമായി കളിച്ചിട്ട് ഞാന്‍ ഇനി എന്ത് ചെയ്യുമെന്ന് തോന്നി,’ എന്നായിരുന്നു ടൊവിനോ പറഞ്ഞത്.
എന്നാല്‍ സാധാരണ തനിക്ക് കളിക്കാന്‍ പറ്റുന്ന അത്ര ക്യാമറയുടെ മുന്നില്‍ വന്നപ്പോള്‍ പറ്റിയില്ലെന്നായിരുന്നു ഇതിനോടുള്ള ഷൈന്‍ ടോമിന്റെ മറുപടി.
എന്നാല്‍ തനിക്ക് നേരെ തിരിച്ചാണെന്നും ക്യാമറയുടെ മുന്നില്‍ മാത്രമേ കളിക്കാന്‍ പറ്റുവെന്നും വല്ല സ്റ്റേജിലോ മറ്റോ ആണെങ്കില്‍ ഞാന്‍ വല്ലാതെ കോണ്‍ഷ്യസ് ആകുമെന്നുമായിരുന്നു ഇതോടെ ടൊവിനോ പറഞ്ഞത്.
ഷൈന്‍ ചേട്ടന്‍ ഓള്‍റെഡി ഡാന്‍സറാണ്. ഞാന്‍ പഠിച്ചിട്ട് ചെയ്തതാണ്. ആഷിഖേട്ടന്റെ അടുത്ത് ഞാന്‍ ഒരു ദിവസം പറഞ്ഞു ഇന്ന് ഡാന്‍സാണ് ഷൂട്ട് ചെയ്യുന്നത്, ഷൈന്‍ ചേട്ടന്റേതൊക്കെ നേരത്തെ ഷൂട്ട് ചെയ്തു എന്ന്. ഷൈന്‍ പിന്നെ ഡാന്‍സറല്ലേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡാന്‍സ് അറിയില്ല എന്ന് നേരത്തെ തുറന്ന് സമ്മതിച്ചിരുന്നത് കൊണ്ട് തനിക്കത് ഫേക് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും വേറെ ഒരു ജാഡകളുടെയും ആവശ്യമില്ലായിരുന്നെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞു.
ഞാന്‍ നോര്‍മലി എല്ലാ ദിവസവും ഷൂട്ടിന് പോകുന്നത് നമ്മള്‍ കോളേജില്‍ കൂട്ടുകാരെ കാണാന്‍ പോകുന്നത് പോലെയാണ്. പക്ഷെ ഡാന്‍സുള്ള ദിവസം പരീക്ഷക്ക് പോകുന്ന പോലെയാണ് പോകുന്നത്. ടെന്‍ഷന്‍, ഫുള്‍ നെഞ്ചിടിപ്പായിട്ട്,’ ടൊവിനോ പറഞ്ഞു.
അടി കിട്ടുന്ന സീനാണോ ഡാന്‍സ് ആണോ ചലഞ്ചിങ് എന്ന ചോദ്യത്തിന് ഡാന്‍സ് തന്നെയാണെന്നും അതിനേക്കാള്‍ ചലഞ്ച് പാട്ട് പാടുന്നതായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.
ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു വിജയ് നിര്‍വഹിക്കുന്നു. ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlight: Tovino Thomas about shine ton chacko dance on thallumala