2018 ഷൂട്ട് ചെയ്യുന്ന സമയത്ത് സെറ്റില്‍ നിന്നും ഓടിപ്പോകാന്‍ തോന്നിയ സന്ദര്‍ഭങ്ങളുണ്ടായിരുന്നുവെന്ന് ടൊവിനോ തോമസ്. ഹെലികോപ്ടര്‍ സീക്വന്‍സ് എടുക്കുന്ന സമയം തനിക്ക് ദേഷ്യം തോന്നിയെന്നും ഈ പ്രൊഫഷന്‍ തന്നെ തെരഞ്ഞെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നുവെന്നും ടൊവിനോ പറഞ്ഞു.
എന്നാല്‍ നടി ശാന്തകുമാരിയുടെ ഊര്‍ജം കണ്ടപ്പോള്‍ പിന്നെ തനിക്ക് പരാതി പറയാന്‍ തോന്നിയില്ലെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.
‘അന്ന് ഹെലികോപ്ടര്‍ സീക്വന്‍സ് എടുത്തുകൊണ്ടിരിക്കുകയാണ്. നല്ല തണുപ്പുണ്ടായിരുന്നു. രാത്രി രണ്ട് മണി മൂന്ന് മണി ഏതാണ്ടാണ്. അവിടെ റെയ്ന്‍ യൂണിറ്റുണ്ട്. ഹെലികോപ്ടറില്‍ നിന്നുമുള്ള കാറ്റ് കാണിക്കാനായി രണ്ട് പ്രൊപ്പല്ലേഴ്‌സ് ക്രെയ്‌നില്‍ വെച്ചിട്ടുണ്ട്.
എനിക്ക് സെറ്റില്‍ നിന്നും ഓടിപ്പോവാന്‍ തോന്നി. ഇതിനിടക്ക് ഈ നനഞ്ഞ ഡ്രെസുമിട്ട് എനിക്ക് ഉറങ്ങാനും പറ്റില്ല. ശരിക്കും ദേഷ്യം വന്നു. എന്നാല്‍ അത് പുറത്തേക്കൊന്നും കാണിച്ചില്ല. എന്തിനാണ് ഈ സിനിമയിലേക്ക് വന്നതെന്ന് തോന്നി. ഞാന്‍ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. എന്തിനാണ് ഈ പ്രൊഫഷന്‍ തെരഞ്ഞെടുത്തത് എന്ന് തോന്നി. അവസാനം പരാതി പറയുന്ന അവസ്ഥയിലേക്ക് എത്തി.
അപ്പോഴാണ് ശാന്തകുമാരി ചേച്ചിയെ കണ്ടത്. വളരെ സീനിയറായ ആര്‍ട്ടിസ്റ്റാണ് അവര്‍. 70 വയസിന് മുകളിലുണ്ട് പ്രായം. ഞാന്‍ ദേഷ്യത്തോടെയിരിക്കുമ്പോള്‍ അവര്‍ വളരെ ആക്ടീവായി എല്ലാ ഷോട്ടിനും വരികയാണ്. അവര്‍ക്ക് കാരവാനോ അസിസ്റ്റന്‍സോ ഇല്ല. അവരായിരുന്നു എന്റെ പ്രചോദനം.
എനിക്കെങ്ങനെ പരാതി പറയാന്‍ പറ്റും. ഞാന്‍ ചെറുപ്പമാണ്. വര്‍ക്ക്ഔട്ട് ചെയ്യുന്നുണ്ട്. ആരോഗ്യവാനാണെന്ന് പറയുന്നു. എന്നാല്‍ അങ്ങനെയൊന്നും അല്ലെന്ന് അപ്പോള്‍ തോന്നി. അന്നത്തോടെ പരാതി പറയുന്നത് ഞാന്‍ നിര്‍ത്തി. അങ്ങനെ ചിന്തിക്കുന്നത് നിര്‍ത്തി. അവര്‍ക്ക് പറ്റുമെങ്കില്‍ എനിക്കും പറ്റുമെന്ന് ചിന്തിച്ചു,’ ടൊവിനോ പറഞ്ഞു.
മെയ് അഞ്ചിനാണ് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 2018 റിലീസ് ചെയ്തത്. മലയാളത്തിലെ ഇതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ചിത്രം പിന്നിലാക്കിയിരുന്നു. 22 ദിവസം കൊണ്ട് ആഗോള കളക്ഷനില്‍ 150 കോടി പിന്നിട്ടു.
തിയേറ്റര്‍ കളക്ഷനിലൂടെ മാത്രം 150 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമായി 2018. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന സിനിമ തീര്‍ത്ത 7 വര്‍ഷം മുമ്പത്തെ റെക്കോര്‍ഡാണ് 2018 തകര്‍ത്തത്.
Content Highlight: tovino thomas about shanthakumari