ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച് മലയാളത്തിലെ മുന്‍നിരയിലേക്ക് നടന്നുകയറിയ താരമാണ് ടൊവിനോ തോമസ്. 2016ല്‍ റിലീസായ ഗപ്പിയിലൂടെ നായകവേഷത്തിലരങ്ങേറിയ ടൊവിനോ വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. ധനുഷ് നായകനായ മാരി 2 എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ച ടൊവിനോ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ചും സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ 50 സിനിമകള്‍ എന്ന നാഴികക്കല്ല് താണ്ടാനും ടൊവിനോക്ക് സാധിച്ചു.
ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2022ല്‍ റിലീസായ തല്ലുമാല. മുഹ്‌സിന്‍ പരാരിയുടെ രചനയില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 30 കോടിക്ക് മുകളില്‍ നേടി. വളരെ വ്യത്യസ്തമായ കഥപറച്ചിലിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മലയാളത്തിന് പുറത്തും ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു. തല്ലുമാലയുടെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടാകുമെന്ന് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ അറിയിച്ചിരുന്നു.
എന്നാല്‍ അതിന് ഇനിയും സമയമെടുക്കുമെന്ന് പറയുകയാണ് ടൊവിനോ. 2016 മുതല്‍ സംസാരിച്ചുകൊണ്ടിരുന്ന തല്ലുമാല തിയേറ്ററിലെത്താന്‍ ആറുവര്‍ഷമെടുത്തെന്നും അത്രയും മികച്ച സിനിമക്ക് രണ്ടാം ഭാഗമൊരുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ടൊവിനോ പറഞ്ഞു. കുറച്ചധികം സമയമെടുത്താലും ആദ്യഭാഗത്തിന് പേരുദോഷമുണ്ടാക്കാതെ നോക്കണമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. പിങ്ക് വില്ലയോട് സംസാരിക്കുകയായിരുന്നു താരം.
‘തല്ലുമാലയുടെ രണ്ടാം ഭാഗമെന്നുള്ളത് ഖാലിദിന്റെ മനസില്‍ കുറച്ചുനാളായിട്ട് ഉണ്ട്. പക്ഷേ വെറുതെ ഒരു സെക്കന്‍ഡ് പാര്‍ട്ട് ചെയ്തുവെക്കാന്‍ എനിക്കോ അവനോ താത്പര്യമില്ല. തല്ലുമാലയെപ്പറ്റി ഞങ്ങള്‍ 2016 മുതല്‍ സംസാരിക്കുന്നുണ്ടായിരുന്നു. അത് ഇപ്പോള്‍ കാണുന്ന രൂപത്തിലെത്തിക്കാന്‍ ആറ് വര്‍ഷമെടുത്തു. അതിന്റ ക്വാളിറ്റി കാരണമാണ് മലയാളത്തിന് പുറത്തും ആ സിനിമയെപ്പറ്റി സംസാരിക്കുന്നത്.
ഇപ്പോള്‍ ഖാലിദ് ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ബോക്‌സിങ് സിനിമയാണ്. നസ്‌ലെനാണ് അതിലെ നായകന്‍. തല്ലുമാല പോലൊരു സിനിമയൊന്നും ആയിരിക്കില്ല. പക്ഷേ ഒരു സിനിമാപ്രേമിക്ക് ആസ്വദിക്കാനുള്ളതൊക്കെ ആ സിനിമയിലുണ്ടാകും. അതുകഴിഞ്ഞിട്ടേ തല്ലുമാല 2വിനെപ്പറ്റി ബാക്കി ചര്‍ച്ചകള്‍ ഉണ്ടാകുള്ളൂ. കുറച്ചധികം സമയമെടുത്താലും ആദ്യഭാഗത്തിന് പേരുദോഷം കിട്ടാത്ത തരത്തിലുള്ള സ്‌ക്രിപ്റ്റ് കിട്ടിയാല്‍ മാത്രമേ ഷൂട്ട് തുടങ്ങുള്ളൂ,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas about second part of Thallumala