| Monday, 14th October 2024, 12:26 pm

ആ ചിത്രത്തിലേക്ക് എന്നെ വിളിക്കരുതെന്ന് സംവിധായകനോട് രാജുവേട്ടൻ, അവനിപ്പോൾ നായക നടനാണെന്ന് അദ്ദേഹം പറഞ്ഞു: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്.

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു. ഇന്നിപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ  കയ്യടി നേടുകയാണ് ടൊവിനോ.

ടൊവിനോയുടെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയ നടനാണ് പൃഥ്വിരാജ്. എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിലേക്ക് തന്നെ നിർദേശിച്ചത് പൃഥ്വിരാജാണെന്നും ആ സിനിമയിലൂടെയാണ് തനിക്ക് ലീഡ് റോളുകൾ കിട്ടുന്നതെന്നും ടൊവിനോ പറയുന്നു. തനിക്കിനി ലീഡ് റോളുകൾ കിട്ടുമെന്ന് അദ്ദേഹത്തിന് ആദ്യമേ അറിയാമെന്നും എസ്രാ എന്ന ചിത്രത്തിലേക്ക് സംവിധായകൻ വിളിച്ചപ്പോൾ , ചെറിയ വേഷത്തിന് ഇനി ടൊവിനോയെ വിളിക്കേണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും ടൊവിനോ പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയിരുന്നു താരം.

‘സെവൻത്ത് ഡേ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഞാൻ രാജുവേട്ടനെ പരിചയപ്പെടുന്നത്. അന്നുമുതൽ ഇന്ന് വരെ അദ്ദേഹത്തിനടുത്ത് ഓവർ ഫ്രീഡം ഞാൻ എടുത്തിട്ടില്ല. ഏയ് ബ്രോയെന്ന് പറഞ്ഞ് തോളത്ത് കയ്യൊന്നും ഇട്ട് ഞാൻ നിക്കില്ല. ആ ഒരു ബഹുമാനം ഇപ്പോഴും അദ്ദേഹത്തോട് എനിക്കുണ്ട്. എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിലേക്കും അദ്ദേഹം തന്നെയാണ് എന്നെ നിർദേശിച്ചത്.

അതിറങ്ങിയ ശേഷം ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചു, പടം വളരെ നന്നായിട്ടുണ്ട്. എനിക്ക് നന്നായി വർക്കായിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. എന്റെ കഥാപാത്രത്തിനും നല്ല അഭിനന്ദനമൊക്കെ കിട്ടുന്നുണ്ടെന്നും എന്നെ നിർദേശിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും ഞാൻ രാജുവേട്ടനോട് പറഞ്ഞു. ഉഗ്രൻ സപ്പോർട്ടിങ് കഥാപാത്രങ്ങൾ കിട്ടാൻ ഈ വേഷം സഹായിക്കുമെന്നും ഞാൻ പറഞ്ഞു.

അപ്പോൾ രാജുവേട്ടൻ ഇങ്ങോട്ട് മെസേജ് അയച്ചിട്ട് പറഞ്ഞു, നിനക്കിനി സപ്പോർട്ടിങ് റോളുകളല്ല ലീഡിങ് റോളുകളായിരിക്കും കിട്ടാൻ പോവുന്നതെന്ന്. അതെങ്ങനെയാണ് ചേട്ടാ, ഞാൻ സപ്പോർട്ടിങ് റോളുകളല്ലേ ചെയ്തിരിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം , നോക്കിക്കോയെന്ന് പറഞ്ഞു.

അടുത്ത മാസം മുതൽ എന്നെ തേടി വന്ന ഭൂരിഭാഗം കഥകളും ഞാൻ ലീഡ് റോളിൽ വരുന്നവയായിരുന്നു. എനിക്ക് മനസിലാവുന്നതിനേക്കാൾ മുമ്പ് അത് രാജുവേട്ടന് മനസിലായി. എസ്രാ എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിലെ പൊലീസ് കഥാപാത്രത്തിലേക്ക് സംവിധായകൻ എന്നെ വിളിക്കട്ടെയെന്ന് രാജുവേട്ടനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ടൊവിനോ ഇപ്പോൾ നായക വേഷങ്ങൾ ചെയ്യുകയാണ്, അവനെ ചെറിയ വേഷത്തിലേക്ക് വിളിക്കരുത് എന്നായിരുന്നു,’ടൊവിനോ പറയുന്നു.

Content Highlight: Tovino thomas about Relation With Prithviraj

Latest Stories

We use cookies to give you the best possible experience. Learn more