ശക്തി കിട്ടിയ ഉടനെ നാട്ടുകാരെ രക്ഷിക്കാനിറങ്ങിയ സൂപ്പര്‍ ഹീറോ അല്ല മുരളി: ടൊവിനോ തോമസ്
Film News
ശക്തി കിട്ടിയ ഉടനെ നാട്ടുകാരെ രക്ഷിക്കാനിറങ്ങിയ സൂപ്പര്‍ ഹീറോ അല്ല മുരളി: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th December 2021, 4:09 pm

ഒരേയൊരു സിനിമയില്‍ മാത്രമാണ് ഒന്നിച്ചതെങ്കിലും ടൊവിനോ- ബേസില്‍ കൂട്ട്‌കെട്ടിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട് മലയാളികള്‍ക്ക്. അതുകൊണ്ട് തന്നെയാണ് മിന്നല്‍ മുരളിക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും.

ബേസില്‍ വെറുതെ സിനിമ ചെയ്യുന്നയാളല്ലെന്നും അദ്ദേഹവുമായി സിനിമ ചെയ്യുമ്പോള്‍ താന്‍ ഓക്കെയാണെന്നും പറയുകയാണ് ടൊവിനോ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മിന്നല്‍ മുരളിയെ കുറിച്ചും ബേസിലിനെ കുറിയും ടൊവിനോ പറഞ്ഞത്.

‘സൂപ്പര്‍ ഹീറോ കഥ എന്നതിലുപരി എന്നെ ആകര്‍ഷിച്ചത് ഈ സിനിമയുടെ പ്രമേയമാണ്. സൂപ്പര്‍ ഹീറോ എന്നു പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്. എപ്പോഴും വരുന്നതല്ലല്ലോ. വ്യക്തിപരമായി ഞാന്‍ സൂപ്പര്‍ ഹീറോ ആരാധകനാണ്. പിന്നെ ബേസില്‍ ഒരു കഥപറയുമ്പോള്‍ ഒരു 99 ശതമാനവും ഞാന്‍ ഓക്കെയാണ്. ബേസില്‍ അങ്ങനെ വെറുതേ സിനിമ ചെയ്യുന്ന ആളല്ല. അത്രയും ഗവേഷണം നടത്തിയാണ് അദ്ദേഹം സിനിമ ചെയ്യുന്നത്,’ ടൊവിനോ പറഞ്ഞു.

‘ഇത്രയും വര്‍ഷമായിട്ടും ആകെ രണ്ട് സിനിമയേ ബേസിലിന്റേതായി പുറത്തുവന്നിട്ടുള്ളൂ. രണ്ടും 100 ശതമാനം വിജയം നേടിയിട്ടുള്ള സിനിമകളുമാണ്. മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ എന്ന ഘടകം മാറ്റി നിര്‍ത്തിയാലും അതൊരു നല്ല സിനിമയായിരിക്കും എന്നെനിക്ക് തോന്നാറുണ്ട്. ശക്തി കിട്ടിയ ഉടനെ നാട്ടുകാരെ രക്ഷിക്കാനിറങ്ങിയ സൂപ്പര്‍ ഹീറോ അല്ല മുരളി,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ബേസിലുമായുള്ള സൗഹൃദത്തെ പറ്റിയും ടൊവിനോ സംസാരിച്ചു. ‘റൂമിനകത്തിരിക്കുമ്പോള്‍ തമാശയൊക്കെ പറഞ്ഞിരിക്കുന്ന ബേസില്‍ അല്ല ലൊക്കേഷനില്‍ വരുന്ന സമയത്ത്. സെറ്റിലെത്തുമ്പോള്‍ അദ്ദേഹം വളരെ സീരിയസാണ്. എന്നാല്‍ അനാവശ്യമായി വഴക്കുപറയുകയോ ഒന്നും ചെയ്യില്ല. ചെയ്യുന്ന ജോലി വളരെ ഗൗരവമായും ആത്മാര്‍ത്ഥമായും ചെയ്യുന്നയാളാണ്. ഇടയ്ക്ക് മോണിറ്ററിന് പിന്നിലിരുന്ന് മനസില്‍ എഡിറ്റ് ചെയ്യുന്നതൊക്കെ കാണാം. ഒരു സംവിധായകന് കൊടുക്കേണ്ട എല്ലാ സ്പേസും ഞാന്‍ കൊടുക്കുകയും സുഹൃത്തില്‍ നിന്നെടുക്കാവുന്ന സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിട്ടുണ്ട്,’ ടൊവിനോ പറഞ്ഞു.

മലയാളത്തിന്റെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം.

നേരത്തെ മുംബൈ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ മിന്നല്‍ മുരളി പ്രീമിയര്‍ ചെയ്തിരുന്നു. ഗംഭീര റിപ്പോര്‍ട്ടാണ് ചിത്രത്തിന് പ്രീമിയറിന് ശേഷം ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tovino thomas about minnal murali and basil joseph