| Monday, 29th April 2024, 4:07 pm

2022ൽ ആ ചിത്രത്തിന്റെ സെറ്റ് കണ്ടപ്പോൾ തന്നെ വിജയം ഞാൻ ഉറപ്പിച്ചിരുന്നു; 2024ലെ സൂപ്പർ ഹിറ്റിനെ കുറിച്ച് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2024 ആരംഭിച്ച് നാല് മാസം പിന്നീടുമ്പോൾ വിജയ കുതിപ്പിലും കോടി കണക്കിലും തിളങ്ങി നിൽക്കുകയാണ് മലയാള ചിത്രങ്ങൾ. തുടർച്ചയായി നാല് ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾക്കും വലിയ ഊർജമാണ് ഈ വിജയം സമ്മാനിക്കുന്നത്.

ഈ വർഷം ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ്. ലോകവ്യാപകമായി ഏറ്റവും കൂടുതൽ കളക്ഷൻ എടുക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു ചിദംബരം ചിത്രം ഒരുക്കിയത്.

മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്. മഞ്ഞുമ്മൽ ബോയ്സ് ഒരു വലിയ വിജയമാകുമെന്ന് തനിക്ക് മുമ്പേ അറിയാമായിരുന്നുവെന്നും 2022ൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ലൊക്കേഷനിൽ താൻ പോയിരുന്നുവെന്നും ടൊവിനോ പറയുന്നു. മീഡിയ വണിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘വലിയ വലിയ സിനിമകൾ ചെയ്യണം ഇറക്കണമെന്നുള്ള ചിന്തകൾ ആദ്യ മുതലേ ഉണ്ടായിരുന്നു. എന്നാൽ അതിന് മൊത്തത്തിൽ എല്ലാമൊന്ന് റെഡിയായി വന്നത് കഴിഞ്ഞ വർഷമൊക്കെയാണ്. അപ്പോഴെക്കെ ഷൂട്ട് ചെയ്ത സിനിമകൾ ഇറങ്ങുന്നതേയുള്ളൂ. മഞ്ഞുമ്മൽ ബോയ്സ് 2022ൽ ഷൂട്ട്‌ ചെയ്തിരുന്ന സിനിമയാണ്. നമ്മളെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിക്കുമ്പോഴും മഞ്ഞുമ്മൽ ബോയ്സിന്റെ ഷൂട്ട് നടക്കുന്നുണ്ട് എന്നാലോചിക്കണം.

അതൊക്കെ വെച്ചുനോക്കുമ്പോൾ സമയം എടുത്തിട്ടാണെങ്കിലും ആളുകൾ അത് മാറ്റിപറയുന്നുണ്ട്. ഞങ്ങൾക്ക് ഉറപ്പായിരുന്നു അത് മാറ്റി പറയുമെന്ന്. കാരണം മഞ്ഞുമ്മലിന്റെ സെറ്റിലൊക്കെ ഞാൻ പോയിട്ടുണ്ട്. എല്ലാവരും എന്റെ സുഹൃത്തുക്കളല്ലേ. മഞ്ഞുമ്മൽ വലിയ വിജയമാവുമെന്ന് അന്ന് തന്നെ ഉറപ്പുണ്ടായിരുന്നു. അതുപോലെ ഇപ്പോൾ ഇറങ്ങി വലിയ വിജയമായി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ മലയാള സിനിമയ്ക്ക് പുതിയ വാതിലുകൾ തുറക്കുമെന്ന് ഞങ്ങൾക്കറിയാം.

ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ എന്നാണ് എന്റെ സംശയം. തീർച്ചയായും ആ ഒരു കുതിപ്പിന് തടസമില്ലാതെ നമ്മുടെ സിനിമയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം,’ടൊവിനോ പറയുന്നു.

അതേസമയം ഡ്രൈവിങ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ടൊവിനോ നായകനാവുന്ന ചിത്രത്തിൽ ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് താരം എത്തുന്നത്. സൗബിൻ ഷാഹിർ, ഭാവന, ബാലു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ

Content Highlight: Tovino Thomas About Manjummal Boys Film

Latest Stories

We use cookies to give you the best possible experience. Learn more