ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന നീലവെളിച്ചം റിലീസിനൊരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.
ഇതേ കഥ തന്നെ ആസ്പദമാക്കി 1964ല്‍ എ. വിന്‍സെന്റിന്റെ സംവിധാനത്തില്‍ ഭാര്‍ഗവി നിലയം സിനിമ റിലീസ് ചെയ്തിരുന്നു. മധു, വിജയ നിര്‍മല, പ്രേം നസീര്‍ തുടങ്ങിയവരായിരുന്നു അന്ന് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചെറുകഥയിലെ സാഹിത്യകാരന്‍ എന്ന കഥാപാത്രത്തെയാണ് നീലവെളിച്ചത്തില്‍ ടൊവിനോ തോമസും ഭാര്‍ഗവി നിലയത്തില്‍ മധുവും അവതരിപ്പിച്ചത്.
ഭാര്‍ഗവി നിലയത്തില്‍ അഭിനയിക്കുമ്പോള്‍ മധുവിന് തന്നെക്കാള്‍ പ്രായം കുറവായിരുന്നു എന്ന് പറയുകയാണ് ടൊവിനോ. ചിത്രം മധുവിനെ കാണിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുവെന്നും രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.
‘ഞാന്‍ നീലവെളിച്ചം ചെയ്യുമ്പോള്‍ എനിക്ക് ഉണ്ടായിരുന്ന പ്രായത്തിനെക്കാള്‍ കുറവായിരുന്നു മധു സാര്‍ ഈ കഥാപാത്രം ചെയ്യുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രായം. മധു സാറിനെ ചിത്രം കാണിച്ചിരുന്നു. എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്നാണ് ഞാന്‍ അറിഞ്ഞത്. അദ്ദേഹത്തിനൊപ്പമിരുന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
പഴയ സിനിമകളിലായിരുന്നെങ്കില്‍ കുറച്ച് കൂടി സാഹിത്യം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കത്തെഴുതുന്ന സമയത്ത് അവിടെയും സുഖമാണെന്ന് വിശ്വസിക്കുന്നു എന്ന് എഴുതാം. പക്ഷേ ഇപ്പോള്‍ വാട്‌സാപ്പില്‍ അങ്ങനെ എഴുതില്ലല്ലോ. സുഖാണോ, വാട്ട്‌സാപ്പ് എന്നല്ലേ. ആ ഒരു മാറ്റം ഇപ്പോഴുണ്ട്.
കുറച്ച് സാഹിത്യവും കവിതയും ഒക്കെ ചേര്‍ത്ത് മോണോലോഗ് പോലെ പറയാനുള്ള സ്വാതന്ത്ര്യം ഇപ്പോഴത്തെ പെര്‍ഫോമന്‍സുകളില്‍ പരിമിതമാണ്. പണ്ട് അതിന് കുറച്ച് കൂടി സ്വതന്ത്ര്യമുണ്ട്. കാലഘട്ടത്തിന്റെ മാറ്റം കൊണ്ട് പലതും ചെയ്യാന്‍ പരിമിതിയുണ്ട്,’ ടൊവിനോ പറഞ്ഞു.
Content Highlight: tovino thomas about madhu and bhargavi nilayam