Movie Day
ഇതുവരെ കണ്ട സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട തല്ല് ഏത് സിനിമയിലേത്; മറുപടിയുമായി ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 21, 11:15 am
Wednesday, 21st September 2022, 4:45 pm

മോഹന്‍ലാല്‍ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ മസാല എന്റര്‍ടെയ്നറായിരുന്നു ലൂസിഫര്‍.

പൃഥ്വിരാജിന്റെ സംവിധാനമികവും സുജിത്ത് വാസുദേവിന്റെ അതിഗംഭീര ഫ്രെയിമുകളും അതിനൊക്കെ മുകളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ സ്‌ക്രീന്‍പ്രസന്‍സും കൊണ്ട് റെക്കോഡുകള്‍ കീഴടക്കിയ ചിത്രം കൂടിയായിരുന്നു ലൂസിഫര്‍.

മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ട എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പൃഥ്വി സിനിമ ഒരുക്കിയിരുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാലും സയ്യിദ് മസൂദായി പൃഥ്വിയും ജതിന്‍ രാംദാസായി ടൊവിനോയും നിറഞ്ഞാടിയ ചിത്രം കൂടിയാണ് ഇത്.

ഇപ്പോഴിതാ കണ്ട സിനിമകളില്‍ വെച്ച് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തല്ല് സീനിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. ലൂസിഫറിലെ തല്ലിനെ കുറിച്ചാണ് ടൊവി പറയുന്നത്.

മുണ്ട് മടക്കി ഒരു രക്ഷയുമില്ലാത്ത ലാലേട്ടന്റെ തല്ല് കോരിത്തരിപ്പിക്കുന്നതാണെന്നാണ് ക്ലബ് എഫ്മ്മിന്റെ അഭിമുഖത്തില്‍ ടൊവി പറയുന്നത്. ഒപ്പം ലൂസിഫര്‍ തിയേറ്ററിലിരുന്ന് കണ്ട അനുഭവവും ടൊവി പങ്കുവെച്ചു.

‘സ്റ്റൈല്‍ വെച്ച് നോക്കുവാണെങ്കില്‍ ഞാന്‍ കണ്ടിരിക്കുന്ന ബെസ്റ്റ് തല്ല് ലൂസിഫറിലെ തല്ലാണ്. സീന്‍ പ്ലേയ്സ് ചെയ്തിരിക്കുന്നതിന്റെ എഫക്ട് കൊണ്ടാണ് ഇത്ര മനോഹരമായത്.

ഞാന്‍ തിയേറ്ററില്‍ ലൂസിഫര്‍ കണ്ടത് ലാലേട്ടന്റെയും പൃഥ്വിയുടെയും കൂടെയാണ്. കൂടാതെ ഞങ്ങളുടെ എല്ലാവരുടെയും ഫാന്‍സും സിനിമ ഇഷ്ടപ്പെടുന്നവരും കൂടെ ഉണ്ടായിരുന്നു.

അങ്ങനെ എല്ലാവരുടെയും ഒപ്പം ആ സിനിമ കാണുമ്പോള്‍ അതിലെ സ്റ്റീഫന്‍ നമ്മള്‍ വിചാരിക്കുന്ന ആള്‍ അല്ല എന്ന് പറഞ്ഞ സീനിലെ അടി ഒരു രക്ഷയും ഇല്ലായിരുന്നു. അത് ഭയങ്കര എഫക്ടായിരുന്നു. തിയേറ്ററില്‍ ഇരുന്ന മൂഡും എല്ലാം കൊണ്ടും ഒരു രക്ഷയുമില്ലാത്ത തല്ലായിരുന്നു,’ ടൊവിനൊ പറഞ്ഞു.

ഇന്ദ്രജിത്, സായികുമാര്‍, കലാഭവന്‍ ഷാജോണ്‍, സാനിയ, മഞ്ജുവാര്യര്‍, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Content Highlight: Tovino Thomas about  Lucifer Movie Action Sequence