Entertainment
ആദ്യം കേട്ടപ്പോള്‍ അയ്യേ ഇതെന്ത് പാട്ടെന്ന് തോന്നി, ഇപ്പോള്‍ ഞാനത് ലൂപ്പില്‍ കേട്ടുകൊണ്ടിരിക്കുകയാണ്: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 09, 06:42 am
Wednesday, 9th October 2024, 12:12 pm

റിലീസ് ചെയ്ത് ഒരുമാസമാകുമ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം. മൂന്ന് കാലഘട്ടത്തിലെ മൂന്ന് കഥാപാത്രങ്ങളായി ടൊവിനോ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് എ.ആര്‍.എമ്മില്‍ പുറത്തെടുത്തത്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചത്. ത്രീ.ഡിയില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടംനേടി.

ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ദിബു നൈനാന്‍ തോമസ് ഈണം നല്‍കിയ പാട്ടുകള്‍ പലരുടെയും പ്ലേലിസ്റ്റ് ഭരിച്ചുകൊണ്ടിരിക്കുകയാണ്. ടൊവിനോയും കൃതിയും അഭിനയിച്ച കിളിയേ എന്ന് തുടങ്ങുന്ന പാട്ടിനെപ്പറ്റി ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ആ പാട്ടിനെപ്പറ്റി ദിബു ആദ്യം തന്നോട് പറഞ്ഞപ്പോള്‍ കിളിയേ തത്തക്കിളിയേ എന്ന വരി കേട്ട് അയ്യേ എന്ന് തോന്നിയെന്നും ഇതെന്ത് വരിയാണെന്ന് ചോദിച്ചെന്നും ടൊവിനോ പറഞ്ഞു.

ദിബുവും ജിതിനും തന്നോട് വിഷ്വലെല്ലാം വരുമ്പോള്‍ കണ്ടോ എന്ന് പറഞ്ഞെന്നും പിന്നീട് ഷൂട്ടിന്റെ സമയത്താണ് പാട്ടിന്റെ റേഞ്ച് മനസിലായതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. 90കളിലെ പ്രണയത്തെ ചിത്രീകരിച്ച രീതിയും ചെണ്ടയും നാസിക് ഡോളും മിക്‌സ് ചെയ്ത രീതിയും ആ പാട്ടിനെ വേറെ ലെവലില്‍ എത്തിച്ചെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താന്‍ ആ പാട്ട് ലൂപ്പില്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും ടൊവിനോ പറഞ്ഞു.

‘ദിബുവും ജിതിനുമെല്ലാം കിളിയേ എന്ന പാട്ടിന്റെ കാര്യം പറയാന്‍ വേണ്ടി എന്റെയടുത്ത് വന്നിരുന്നു. എന്ത് വരിയാടാ ഇത്? കിളിയേ തത്തക്കിളിയേ ഇതൊക്കെ ആരേലും കേള്‍ക്കുമോ എന്നാണ് ഞാന്‍ അപ്പോള്‍ ചോദിച്ചത്. ദിബുവും ജിതിനും ആ സമയത്ത് ‘ശരിക്കുമുള്ള പരിപാടി കാണാന്‍ പോകുന്നതേ ഉള്ളൂ, വെയിറ്റ് ചെയ്യ്’ എന്ന് പറഞ്ഞു. അപ്പോഴും എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല.

പക്ഷേ വിഷ്വലും മ്യൂസിക്കും കൊണ്ട് അവര്‍ ആ പാട്ടിനെ വേറെ ലെവലാക്കി. 90സിലെ പ്രണയവും അത് വിഷ്വലൈസ് ചെയ്ത രീതിയും പടത്തിന്റെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. അതുപോലെ ചെണ്ടയും നാസിക് ഡോളും പാട്ടിലേക്ക് ദിബു മിക്‌സ് ചെയ്ത രീതിയും അടിപൊളിയായിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ആ പാട്ട് ലൂപ്പില്‍ കേട്ടുകൊണ്ടിരിക്കുകയാണ്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about Kiliye song in ajayante Randam Moshanam