ടൊവിനൊ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനത്തിലെ ടൊവിനോ തോമസിന്റെ നൃത്തച്ചുവടുകള്‍ വൈറലായിരുന്നു.
ടൊവിനൊ തോമസ് ഇന്നേവരെ ചിത്രങ്ങളില്‍ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ തല്ലുമാലയിലെ ഡാന്‍സിനെ പറ്റി പറയുയകയാണ് ടൊവിനോ തോമസ്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൂവി മാന്‍ എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനൊ ഇക്കാര്യം പറഞ്ഞത്.
ഡാന്‍സ് തനിക്കറിയില്ലന്നേ പറഞ്ഞിട്ടുള്ളൂ എന്നും പഠിക്കില്ലെന്ന് പറഞ്ഞിട്ടില്ല എന്നുമാണ് താരം പറഞ്ഞത്. മുമ്പും പല ഇന്റര്‍വ്യൂവില്‍ താന്‍ ഇത് പറഞ്ഞിട്ടുള്ളതാണെന്നും ഡാന്‍സ് ചെയ്യേണ്ട സിനിമകള്‍ വന്നാല്‍ പഠിക്കുമെന്നും ടൊവിനൊ കൂട്ടിച്ചേര്‍ക്കുന്നു.
‘മുമ്പും പല ഇന്റര്‍വ്യൂവില്‍ ഞാനിത് പറഞ്ഞിട്ടുള്ളതാണ്. ഡാന്‍സ് ചെയ്യേണ്ട സിനിമകള്‍ വന്നാല്‍ പഠിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു
നിങ്ങളത് വിശ്വസിച്ചില്ല.
ഞാനത് ചെയ്തു കാണിച്ചു അത്രയുള്ളു, തല്ലുമാലയിലേയ്ക്ക് വിളിച്ചപ്പോഴെ എനിക്ക് ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞതാണ് എന്നിട്ടും സംവിധായകന്‍ ഖാലിദിന് എന്നിലുള്ള വിശ്വാസത്തിലാണ് തന്നെ വിളിച്ചത്. റിഷിദാന്‍ മാസ്റ്റര്‍ തന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്നിരുന്നു.
ഷൂട്ടിങ്ങ് നടക്കുന്ന സമയത്തും എല്ലാ ദിവസവും വൈകുന്നേരം ഒന്നര മണിക്കൂര്‍ വീതം ഞാന്‍ ഡാന്‍സ് പ്രാക്ട്രീസ് ചെയ്തിരുന്നു. സിനിമയില്‍ ഉള്ള മിക്കവരും അതിനായി വരും. ഡാന്‍സിങ്ങ് നിന്‍ജ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍, ആര്‍ദ്രി, ലുക്ക്മാന്‍, സ്വാതി തുടങ്ങി എല്ലാരും പ്രാക്ടിസിന് ഉണ്ടായിരുന്നു’, ടൊവിനോ പറയുന്നു.
തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത വാശിയാണ് ടൊവിനോയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിച്ചത്.
Content Highlight : Tovino Thomas about how he overcomed the limitation of he dosen’t know dance