അഭിനയത്തിൽ നിന്നും പ്രൊഡക്ഷനിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. തന്നെ ഒരു പ്രൊഡ്യൂസർ എന്ന് പറയാൻ പറ്റില്ലെന്നും പടം നടക്കാൻ വേണ്ടിയിട്ടാണ് പ്രൊഡക്ഷനിൽ പാർട്ണർ ആവുന്നതെന്നും ടൊവിനോ തോമസ് പറഞ്ഞു. ടൊവിനോ നായകനായും പ്രൊഡക്ഷൻ പാർട്ണറായും അവതരിപ്പിക്കുന്ന ചിത്രമാണ് ‘അദൃശ്യ ജാലകങ്ങൾ’. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ പാർട്ണർ ആവാനുള്ള കാരണം വാർത്താ സമ്മേളനത്തിൽ പങ്കുവെക്കുകയാണ് താരം.
മറ്റു സിനിമകളിൽ നിന്ന് ശമ്പളം വാങ്ങുന്ന പോലെ ഈ സിനിമയിൽ നിന്ന് വാങ്ങാൻ പറ്റില്ലായെന്നും ‘ഭൂരിഭാഗം സിനിമകളിലും ഞാൻ സിനിമയ്ക്ക് അനുസരിച്ചാണ് ശമ്പളം വാങ്ങാറുള്ള’തെന്നും ടൊവിനോ അഭിമുഖത്തിൽ പറയുന്നുണ്ട്.
‘പ്രൊഡ്യൂസർ എന്ന് പറയാനായ ഒരാളല്ല ഞാൻ. പ്രൊഡ്യൂസർ ആവാൻ പറ്റിയ ഒരാളുമല്ല. നല്ല ആളുകളുടെ കൂടെ പാർട്ണർഷിപ്പിൽ ഒരു സിനിമ ചെയ്യുന്നത് ആ പടം നടക്കാൻ വേണ്ടിയിട്ടാണ്. നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്. ഈ സിനിമ വമ്പൻ ഹിറ്റടിക്കുന്ന, നൂറുകോടി അടിക്കുന്ന ഒരു സിനിമയല്ല എന്ന് നിങ്ങൾക്ക് ഇതിനകം ബോധ്യമായിട്ടുണ്ടാവും. എനിക്ക് ഇത് ചെയ്യുന്നതിന് മുൻപ് തന്നെ ബോധ്യമായിട്ടുള്ളതാണ്. എനിക്ക് മാത്രമല്ല ഈ സിനിമ ചെയ്യുന്ന എല്ലാവർക്കും അത് ബോധ്യമായിട്ടുള്ളതാണ്.
മറ്റു സിനിമകളിൽ നിന്ന് വാങ്ങുന്ന ശമ്പളം ഞാൻ ഈ സിനിമയിൽ നിന്ന് വാങ്ങാൻ പാടില്ല. അത് ശരിയല്ല. ഭൂരിഭാഗം സിനിമകളിലും ഞാൻ സിനിമയ്ക്ക് അനുസരിച്ചാണ് ശമ്പളം വാങ്ങാറുള്ളത്. പക്ഷേ അതിന് പകരം പ്രൊഡക്ഷനിൽ എൻ്റെ പേര് വെക്കുക എന്ന് പറഞ്ഞപ്പോൾ ഓക്കെ പറഞ്ഞതാണ്. അത് തന്നെയാണ് കളയുടെ സമയത്തും ഉണ്ടായത്. ഞാൻ പൈസ വാങ്ങിക്കാതെ അതിൻ്റെ പ്രൊഡക്ഷൻ്റെ ഭാഗമായതാണ്. എൻ്റെ ഇൻവെസ്റ്റ്മെൻ്റ് ആയിട്ട് എന്റെ എഫേർട്ടും സമയവും കരുതുക എന്നുള്ളതാണ്.
കൊറോണ കഴിഞ്ഞ് നിൽക്കുന്ന സമയത്ത് അങ്ങനെ ഒരു സിനിമ നടക്കണമെന്ന് എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. എനിക്ക് സിനിമയിൽ സാറ്റിസ്ഫാക്ഷൻ കഴിഞ്ഞിട്ടേയുള്ളു പൈസ. കള ഷൂട്ട് ചെയ്യുന്ന സമയത്തും റീലീസ് ചെയ്ത സമയത്തും എനിക്ക് ആ സാറ്റിസ്ഫാക്ഷൻ കിട്ടിയിരുന്നു. ഇതുപോലെ വഴക്ക് എന്ന സിനിമയിലും ഞാൻ പ്രൊഡക്ഷൻ പാർട്ണർ ആയിരുന്നു. ഞാൻ കൂടെ ഭാഗമായത് ആ സിനിമ എളുപ്പത്തിൽ നടക്കും എന്നുള്ളത് കൊണ്ടാണ്. വേറെ ഒരു പ്രൊഡ്യൂസറെ കണ്ട് അവരെ ബോധ്യപ്പെടുത്തുന്നതിനെക്കാൾ നല്ലതാണ് ഞാൻ പാർട്ണർ ആവുന്നത്,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas about his payment in movie