തനിക്ക് യാത്ര ചെയ്യാൻ നല്ല കൊതിയാണെന്ന് ടൊവിനോ തോമസ്. തനിക്ക് ഏറ്റവും പ്രിയപെട്ടവരുടെ കൂടെ യാത്ര ചെയ്യാൻ ഇഷ്ടമാണെന്നും ടൊവിനോ പറഞ്ഞു. ഭാര്യയുടെയും കുടുംബത്തിനൊപ്പമെല്ലാം യാത്ര ചെയ്യാൻ ഇഷ്ടമാണെന്നും ഇപ്പോൾ തന്റെ വർക്ക് ലൈഫ് ബാലൻസ് ചെയ്യാൻ കഴിയുന്നുണ്ടെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് ഭയങ്കര കൊതിയാണ് യാത്ര ചെയ്യാൻ. പ്രത്യേകിച്ച് ഏറ്റവും അടുത്ത ആളുകളുടെ കൂടെ യാത്ര ചെയ്യാൻ ഇഷ്ട്ടമാണ്. ഫ്രണ്ട്സിന്റെ കൂടെ, ഫാമിലിയുടെ കൂടെ ഭാര്യയും മക്കളും അപ്പനും അമ്മയും ഞങ്ങൾ പത്ത് പതിനഞ്ചുപേര് ഒരുമിച്ച്, അങ്ങനെയൊക്കെ യാത്ര ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തിട്ട് വേണ്ടേ നമ്മൾ ലൈഫ് മുന്നോട്ടു കൊണ്ടുപോകാൻ. ഇപ്പോൾ എനിക്ക് കുറച്ചുകൂടെ വർക്ക് ലൈഫ് ബാലൻസ് ചെയ്യാൻ പറ്റുന്നുണ്ട്. വർക്കിനെ ഒരിക്കലും ഡിസ്റ്റർബ് ചെയ്യാതെ, നമ്മുടെ ലൈഫിന്റെ ബാലൻസ് കിട്ടിത്തുടങ്ങി. അതുകൊണ്ടാണ് ഞാൻ ഒരു മാസം ബ്രേക്ക് എടുത്ത് മക്കൾക്ക് വെക്കേഷൻ ഉള്ള സമയം നോക്കി ഒരു മാസം ബ്രേക്ക് എടുക്കുന്നത്.
അത് എന്റെ മക്കൾക്ക് മാത്രമല്ല, ചേച്ചിയുടെ മക്കൾക്കും ചേട്ടന്റെ മക്കൾക്കും എല്ലാവർക്കും വെക്കേഷൻ വേണം. അപ്പനും അമ്മയ്ക്കും എല്ലാവർക്കും വേണം. ഷൂട്ടിങ്ങിനിടയിൽ ഒരു ഗ്യാപ്പ് വന്നു കഴിഞ്ഞാൽ ഞാൻ എങ്ങനെയെങ്കിലും യാത്ര ചെയ്യാൻ വേണ്ടി വിനിയോഗിക്കും. കുറച്ചുകൂടി ട്രാവൽ ചെയ്യുമ്പോൾ നമ്മൾ നമ്മളെത്തന്നെ കണ്ടെത്തും. അങ്ങനെ ഒരു വിസ്ഡത്തിലേക്ക് ജീവിതാവസാനം എങ്കിലും എത്തണമെന്ന ആഗ്രഹമുണ്ട്,’ ടൊവിനോ തോമസ് പറഞ്ഞു.
അതേസമയം, ടൊവിനോ പൊലീസ് കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ അച്ഛനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Tovino thomas about his passion for traveling