വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനംകവർന്ന നടനാണ് ടൊവിനോ തോമസ്. ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് പുറമെ മികച്ച കഥാപാത്രങ്ങളുള്ള സിനിമകളും താരം തെരഞ്ഞെടുക്കാറുണ്ട്. അവയിൽ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ.
ചിത്രത്തിലെ ടൊവിനൊയുടെ മേക്ക് ഓവർ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. താരം നായകനായും പ്രൊഡക്ഷൻ പാർട്ണറായും അവതരിപ്പിക്കുന്ന ചിത്രമാണ് ‘അദൃശ്യ ജാലകങ്ങൾ’. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ പാർട്ണർ ആവാനുള്ള കാരണം വാർത്താ സമ്മേളനത്തിൽ പങ്കുവെക്കുകയാണ് താരം.
ഈ സിനിമ ചെയ്യുന്ന സമയത്ത് തന്നെ ഇത് ഹിറ്റടിക്കുന്ന, നൂറുകോടി അടിക്കുന്ന ഒരു സിനിമയല്ല എന്ന് ബോധ്യമായിട്ടുള്ളതാണെന്നും ടൊവിനോ പറയുന്നുണ്ട്. മറ്റു സിനിമകളിൽ നിന്ന് ശമ്പളം വാങ്ങുന്ന പോലെ ഈ സിനിമയിൽ നിന്ന് വാങ്ങാൻ പറ്റില്ലെന്നും ഭൂരിഭാഗം സിനിമകളിലും താൻ സിനിമയ്ക്ക് അനുസരിച്ചാണ് ശമ്പളം വാങ്ങാറുള്ളതെന്നും ടൊവിനോ അഭിമുഖത്തിൽ പറയുന്നുണ്ട്.
‘പ്രൊഡ്യൂസർ എന്ന് പറയാനായ ഒരാളല്ല ഞാൻ. പ്രൊഡ്യൂസർ ആവാൻ പറ്റിയ ഒരാളുമല്ല. നല്ല ആളുകളുടെ കൂടെ പാർട്ണർഷിപ്പിൽ ഒരു സിനിമ ചെയ്യുന്നത് ആ പടം നടക്കാൻ വേണ്ടിയിട്ടാണ്. നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്. ഈ സിനിമ വമ്പൻ ഹിറ്റടിക്കുന്ന, നൂറുകോടി അടിക്കുന്ന ഒരു സിനിമയല്ല എന്ന് നിങ്ങൾക്ക് ഇതിനകം ബോധ്യമായിട്ടുണ്ടാവും. എനിക്ക് ഇത് ചെയ്യുന്നതിന് മുൻപ് തന്നെ ബോധ്യമായിട്ടുള്ളതാണ്. എനിക്ക് മാത്രമല്ല ഈ സിനിമ ചെയ്യുന്ന എല്ലാവർക്കും അത് ബോധ്യമായിട്ടുള്ളതാണ്.
മറ്റു സിനിമകളിൽ നിന്ന് വാങ്ങുന്ന ശമ്പളം ഞാൻ ഈ സിനിമയിൽ നിന്ന് വാങ്ങാൻ പാടില്ല. അത് ശരിയല്ല. ഭൂരിഭാഗം സിനിമകളിലും ഞാൻ സിനിമയ്ക്ക് അനുസരിച്ചാണ് ശമ്പളം വാങ്ങാറുള്ളത്. പക്ഷേ അതിന് പകരം പ്രൊഡക്ഷനിൽ എൻ്റെ പേര് വെക്കുക എന്ന് പറഞ്ഞപ്പോൾ ഓക്കെ പറഞ്ഞതാണ്. അത് തന്നെയാണ് കളയുടെ സമയത്തും ഉണ്ടായത്. ഞാൻ പൈസ വാങ്ങിക്കാതെ അതിൻ്റെ പ്രൊഡക്ഷൻ്റെ ഭാഗമായതാണ്. എൻ്റെ ഇൻവെസ്റ്റ്മെൻ്റ് ആയിട്ട് എന്റെ എഫേർട്ടും സമയവും കരുതുക എന്നുള്ളതാണ്,’ ടൊവിനോ തോമസ് പറഞ്ഞു.
ചിത്രം എസ്റ്റോണിയയിലെ 27ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (POFF) മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു. ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന നേട്ടവും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ടോവിനോയുടെ നായികയായി എത്തുന്നത് നിമിഷ സജയനാണ്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങള്‍. ഇന്ദ്രന്‍സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ്, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് കമ്പനികളുടെ ബാനറിലാണ് നിര്‍മാണം.
Content Highlight: Tovino thomas about his new film ‘Adrishya jalakangal’